Skip to main content

തരിശുഭൂമിയിലെ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

പുല്ലൂർ എരവിൽ പാടത്ത് ബിൽഡ് അപ്പ് കാസർകോടിന്റെ നേതൃത്വത്തിൽ ഇറക്കിയ  തരിശുഭൂമി നെൽകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് കാസർകോടിന്റെ വികസനത്തിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിൽപരം പേർ രൂപം നൽകിയ സംഘടനയാണ് കാസർകോട് ബിൽഡപ്പ്. ജൂൺ 20ന് മുൻ ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു വിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ നെൽകൃഷി ആരംഭിച്ചത്. പൂർണമായും ജൈവരീതിയിൽ നടത്തിയ നെൽകൃഷി വൻ വിജയമായി.
കാസർകോട് കുള്ളൻ പശുവിനെ സംരക്ഷിക്കുന്ന സംഘമായ കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റിയിൽ നിന്നുമുള്ള ചാണകവും ഗോമൂത്രവുമാണ് കൃഷിക്കായി ഉപയോഗിച്ചത്. കൊയ്ത്തിന് ശേഷം വൈക്കോൽ പശുക്കൾക്ക് എത്തിച്ച് നൽകും.
വിളകൾക്ക് വിലക്കുറവ് നേരിടുന്ന കർഷകരെ സഹായിക്കാനായി അവരിൽ നിന്നും വാഴപ്പഴം വാങ്ങി മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് ബിൽഡ് അപ്പ് കാസർകോട് വൈസ് ചെയർമാൻ സി.കെ. ലാൽ പറഞ്ഞു.
വിളവെടുപ്പിന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി, ബിൽഡ് അപ്പ് കാസർകോട് പ്രസിഡന്റ് സന സലീം, വർക്കിങ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ഷെയ്ദ് ബാവ, ബിൽഡ് അപ്പ് കാസർകോട് ട്രെയ്ഡ് ആന്റ് കോമേഴ്സ് സെക്രട്ടറി രവീന്ദ്രൻ കണ്ണങ്കൈ തുടങ്ങിയവർ നേതൃത്വം നൽകി.

date