Skip to main content

ലൈഫ്-പിഎംഎവൈ ഭവന പദ്ധതി: ജില്ലാ പഞ്ചായത്ത് വിഹിതം നാളെ കൈമാറും

 

ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ലൈഫ്-പി.എം.എ.വൈ ഭവന പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ വിഹിതമായ 19 കോടി രൂപ നാളെ (ഒക്ടോബര്‍ മൂന്ന്)  കൈമാറും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിഹിത വിതരണോദ്ഘാടനം നിര്‍വഹിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ്- പി.എം.എ.വൈ, ജനറല്‍, എസ്.സി.പി, ടി.എസ്.പി, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങളിലായി 19 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വിഹിതമായി നല്‍കുന്നത്. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും വീട് നിര്‍മാണത്തിന് പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വിഹിതം കൈമാറുന്നത്. ലൈഫ്-പി.എം.എ.വൈ ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് 53.5 കോടി രൂപയും ചെലവഴിച്ചിരുന്നു. പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും. ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍  റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

date