Skip to main content

ഗാന്ധിജയന്തി ദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കും: ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും

 

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തില്‍ (ഒക്ടോബര്‍ രണ്ട്) ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കും. 'മലപ്പുറം മനോഹരം-സുന്ദര സിവില്‍ സ്റ്റേഷന്‍' എന്ന സന്ദേശമുയര്‍ത്തിയുള്ള ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ രണ്ട്) രാവിലെ 10ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍വഹിക്കും. ക്ലീന്‍ കേരള കമ്പനി മുഖേന ഇ-വേസ്റ്റ് കൈമാറുന്നതിനുള്ള വാഹനം ഫ്‌ളാഗ് ഓഫും കുട്ടികള്‍ക്കുള്ള വിമുക്തി പദ്ധതിയുമായി  ബന്ധപ്പെട്ട അവാര്‍ഡ് ദാനവും പരിപാടിയില്‍ നടക്കും. സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് സന്നദ്ധ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഓഫീസ് പരിസരം ശുചീകരിക്കുന്നതിനൊപ്പം നല്ല ചെടികള്‍ വെച്ചുപിടിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ മലപ്പുറം നഗരസഭയിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറാനുമാണ് പദ്ധതി. 

 

ഓഫീസുകളിലെ അജൈവമാലിന്യങ്ങളായ പേപ്പര്‍, പ്ലാസ്റ്റിക് മുതലായവ പ്രത്യേകം ചാക്കുകളിലാക്കി സൂക്ഷിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം. ഇതിനായി 50 രൂപ യൂസര്‍ഫീ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഓഫീസുകള്‍ സഹകരിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കലക്ടറേറ്റിന് സമീപം മലപ്പുറം നഗരസഭ ബിന്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ കാന്റീനോടുള്ള ചേര്‍ന്നുള്ള ബയോഗ്യാസ് പ്ലാന്റിലും ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാം. ചെറിയ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ശുചിത്വമിഷന്‍ ബക്കറ്റ് കമ്പോസ്റ്റ്, കിച്ചന്‍ ബിന്‍ എന്നിവ സൗജന്യമായി നല്‍കും. ഫോണ്‍: 0483 2738001.

date