Skip to main content

ലോക വയോജന ദിനാഘോഷം  സംഘടിപ്പിച്ചു

 

തവനൂര്‍ വൃദ്ധസദനത്തില്‍ ലോക വയോജന ദിനാഘോഷം  സംഘടിപ്പിച്ചു.  വൃദ്ധസദനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയോജന ദിനാഘോഷ പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സമൂഹ്യനീതി വകുപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തിരൂര്‍, പെരിന്തല്‍മണ്ണ മെയിന്റനന്‍സ് ട്രൈബ്യൂണല്‍, വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി, മലപ്പുറം സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വയോജന ദിനാഘോഷം സംഘടിപ്പിച്ചത്.
വയോജന ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി മുഖ്യ പ്രഭാഷണം നടത്തി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് ബ്രോഷര്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാരെയും  വയോജന ക്ഷേമ രംഗത്ത് മികച്ച സേവനത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ      എസ.്‌സി.എഫ്.ഡബ്ല്യൂ.എ ഭാരവാഹികളെയും ആദരിച്ചു. 'മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണം' എന്ന വിഷയത്തില്‍ തവനൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍ ക്ലാസെടുത്തു.
 

തിരൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍  പി. സുരേഷ് അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണ മൂര്‍ത്തി, തവനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.എസ് ധനലക്ഷ്മി, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം സി. വിജയലക്ഷ്മി, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ കെ. ജെ ചെല്ലപ്പന്‍, പി. ശിവശങ്കരന്‍, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ സി.ടി നൗഫല്‍, വൃദ്ധസദനം സൂപ്രണ്ട് സിദ്ധീഖ് ചുണ്ടക്കാടന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രാവണന്‍ ഒറ്റപ്പാലം അവതരിപ്പിച്ച മാജിക് ഷോയും കടകശ്ശേരി ഐഡിയല്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ തരം കലാപരിപാടികളും അരങ്ങേറി.

date