Skip to main content

ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

മക്കരപറമ്പ് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കെട്ടിടം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുക ലക്ഷ്യത്തോടെയാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
 

ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി 37 ലക്ഷം രൂപ ചെലവിലാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനും മറ്റു സൗകര്യങ്ങള്‍ക്കുമായി വിശാലമായ ഹാള്‍, അടുക്കള, വരാന്ത, ബാത്‌റൂം, എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. 2014 ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ നിലവില്‍ വിവിധ ഭിന്നശേഷി വിഭാഗങ്ങളിലുള്ള 32 വിദ്യാര്‍ഥികളാണ് പരിശീലനം നേടിവരുന്നത്. ഭിന്നശേഷിയുള്ളവരെ സ്വയം പര്യാപ്തരാക്കുക, നിത്യ ജീവിതത്തിന് ആവശ്യം വേണ്ട പഠന വിഷയങ്ങളില്‍ പരിശീലനം നല്‍കുക, ദൈനംദിന ശേഷികളില്‍ പരിശീലനം നല്‍കുക, തൊഴില്‍ പരിശീലനം നല്‍കുകയും സമൂഹത്തില്‍ വ്യക്തിക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുക, സമൂഹത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ രണ്ട് കോപ്പി ഫോട്ടോയും ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കണം. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സൗജന്യ നിയമ സഹായം തുടങ്ങി  സേവനങ്ങള്‍ സ്ഥാപനത്തില്‍ നിന്നും ലഭിക്കും.
 

ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്  മക്കരപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങള്‍ മുഖ്യാതിഥിയായി. മക്കരപറമ്പ് ഡിവിഷന്‍ അംഗം ടി.പി.ഹാരിസ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ഹബീബുള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ.ശശീന്ദ്രന്‍, ഫൗസിയ പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date