Skip to main content

ഗാന്ധിജയന്തി: കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ആസാദി കാ അമൃത് മഹോത്സവിന്റെയും ഗാന്ധിജയന്തിയുടെയും ഭാഗമായി കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന 'മലപ്പുറം മനോഹരം-സുന്ദര സിവില്‍ സ്റ്റേഷന്‍' എന്ന സന്ദേശമുയര്‍ത്തിയുള്ള ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ നിര്‍വ്വഹിച്ചു. ഇ-വേസ്റ്റ് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ ഇ-വേസ്റ്റ് ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന പ്രവൃത്തിയുടെ ഫ്‌ളാഗ് ഓഫും കലക്ടര്‍ നിര്‍വഹിച്ചു.

നെഹ്റു യുവകേന്ദ്രയുടെ വളണ്ടിയര്‍മാര്‍, കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായത്. ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, ക്ലീന്‍ കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ എല്ലാവരും ചേര്‍ന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ശേഷം ജില്ലാ കലക്ടറുമായി സംവദിക്കുകയും ചെയ്തു.

കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എ. ഡി. എം എന്‍.എം. മെഹറലി, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ. ടി. രാകേഷ്, ഹരിതകേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി. വി. എസ് ജിതിന്‍, ക്ലീന്‍ കേരള അസിസ്റ്റന്റ് മാനേജര്‍ മുജീബ്, നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കുഞ്ഞിമുഹമ്മദ്, നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date