Skip to main content

അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ജില്ലാതല നിര്‍വഹണ സമിതി രൂപീകരിച്ചു

 

അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തുന്നതോടൊപ്പം അതീവ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെ അധ്യക്ഷതയില്‍ ജില്ലാതല നിര്‍വഹണ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സമിതി പ്രവര്‍ത്തിക്കുക. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറാണ് ജില്ലാ നോഡല്‍ ഓഫീസര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ എന്നിവരാണ് ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍.
 

പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനകീയാസൂത്രണം റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കായുള്ള പരിശീലനങ്ങളാണ് തുടക്കത്തില്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല കോര്‍ ടീം അംഗങ്ങള്‍ക്കായുള്ള പരിശീലനം ഒക്ടോബര്‍ ആറ്, ഏഴ് തീയതികളിലായി പി.എ.യു കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തുടര്‍ന്ന് ബ്ലോക്ക്, ഗ്രാമ, വാര്‍ഡ് തലങ്ങളിലുള്ള പരിശീലനങ്ങളും നടക്കും.
 

പരിശീലനം പൂര്‍ത്തിയാകുന്നതോടെ വാര്‍ഡ് തലത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് തയ്യാറാക്കുന്ന അതി ദരിദ്രരുടെ പട്ടികയിലുള്ളവരെ നേരിട്ട് കണ്ട് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി വിവര ശേഖരണം നടത്തും. ഈ വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. ഇത്തരത്തില്‍ കണ്ടെത്തുന്ന അതി ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണങ്ങളുടെ നേതൃത്വത്തില്‍ മൈക്രോ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതാണ് രണ്ടാം ഘട്ടം.
 

ജില്ലാ പ്ലാനിങ് ഓഫീസില്‍ നടന്ന ജില്ലാതല നിര്‍വഹണ സമിതി രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനായി.  ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, മറ്റ് നിര്‍വാഹണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date