Skip to main content

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി ഒക്ടോബർ 10 വരെ അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടേയും വിവാഹ ബന്ധം വേർപെടുത്തിയവരുടേയും ഉപേക്ഷിക്കപ്പെട്ടവരുടേയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട സമയ പരിധി ഒക്ടോബർ 10 വരെ നീട്ടി. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായമായി ലഭിക്കുക. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വയർഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക വൈകല്യം നേരിടുന്നവർ, പെൺമക്കൾ മാത്രമുള്ള അപേക്ഷക എന്നിവർക്ക് മുൻഗണന ലഭിക്കും. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ,  സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനു മുമ്പ് ധനസഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ലഭ്യമാണ്. ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കു മുൻപായി അപേക്ഷകൾ ലഭിച്ചിരിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) അറിയിച്ചു.

date