Skip to main content

പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം; ഭൗമശാസ്ത്ര പഠനം ഇന്ന് കൂടെ തുടരും

 

 

 

കുരുവട്ടൂര്‍ പോലൂരിലെ വീട്ടില്‍അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം (സെസ്) നടത്തുന്ന  ഭൗമശാസ്ത്ര പഠനം ശനിയാഴ്ച (09.10.2021) കൂടെ തുടരും. ഡോ. ബിപിന്‍ പീതാംബരന്‍,  കൃഷ്ണ ഝാ, കെ. എല്‍ദോസ് എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര്‍ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപവും 20 മീറ്റര്‍ മാറിയുള്ള ചെങ്കല്‍ വെട്ടിയ പ്രദേശത്തുമാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടു മണിക്ക് അവസാനിച്ചു. 

ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് സംഘം നടത്തുന്നത്. ഇതിലൂടെ ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടന പരിശോധനക്ക് വിധേയമാക്കുും. ശേഖരിച്ച ഡാറ്റകള്‍ സെസിന്റെ തിരുവനന്തപുരത്തെ ലാബില്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദഗ്ദ പരിശോധന നടത്തും. ശേഷം ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാറിനും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും കൈമാറും. 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക്, എന്‍സിആര്‍എംപി ജില്ലാ കോര്‍ഡിനേറ്റര്‍ റംഷിന എന്നിവരും സംഘത്തിനൊപ്പമുണ്ട്.

date