Skip to main content

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ ഇന്ന് (10/10/2021 );  ജില്ലയിൽ 27 സെന്ററുകളിലായി 11,365 പേർ പരീക്ഷയെഴുതും

 

 ജില്ലയില്‍ ഞായറാഴ്ച 27 സെന്‍ററുകളിലായി 11,365 പേര്‍ സിവിൽ സർവീസ് പ്രാഥമിക പരീക്ഷയെഴുതും. പരീക്ഷക്കായുള്ള ഒരുക്കങ്ങൾ  പൂർത്തിയായി. 

രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുന്നത്. 
രാവിലെ 9.30 മുതല്‍ 11.30 വരെയും പകല്‍ 2.30 മുതല്‍ 4.30 വരെയുമാണ് പരീക്ഷ.
ഭിന്നശേഷിക്കാര്‍ക്കായി തൃക്കാക്കര നൈപുണ്യ പബ്ലിക്ക് സ്കൂളിലാണ് പരീക്ഷകേന്ദ്രമൊരുക്കിയിരിക്കുന്നത്. 41 പേര്‍ ഇവിടെ പരീക്ഷയെഴുതും. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. രണ്ട് വനിതാ പൊലീസുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ ഓരോ പരീക്ഷാ കേന്ദ്രത്തിലുമുണ്ടാകും. ‌
സുരക്ഷാപരിശോധന നടത്താനും ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാനും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ‌
പരീക്ഷാ കേന്ദ്രങ്ങളില്‍ വൈദ്യുതി തടസ്സമുണ്ടാവരുതെന്ന് കെഎസ്ഇബിക്കും കുടിവെള്ളം മുടങ്ങരുതെന്ന് ജല അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ബസ് സ്റ്റോപ്പുകള്‍, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്  സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു.  മെട്രോ പ്രത്യേക സര്‍വീസ് നടത്തും.

കളക്ട്രേറ്റിലെ സ്ട്രോങ്ങ് റൂമിൽ കർശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് ചോദ്യ കടലാസുകൾ സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.30 ഓടെ പൂർണ്ണ സുരക്ഷയോടെ പരീക്ഷാകേന്ദ്രത്തിലെത്തിക്കും. പരീക്ഷാ കേന്ദ്രത്തിലേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കയറ്റാന്‍ ഉദ്യോ​ഗാര്‍ഥികളെ അനുവദിക്കില്ല.  

ശനിയാഴ്ച പൊലീസ് പരീക്ഷാകേന്ദ്രങ്ങളും പരിസരവും പരിശോധിച്ചു. എല്ലാ പരീക്ഷാ കേന്ദ്രത്തിന്‍റെയും ശുചീകരണം പൂര്‍ത്തിയായി.

ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍: കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ, തൃക്കാക്കര മേരി മാതാ പബ്ലിക്ക് സ്കൂള്‍, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്, തൃക്കാക്കര സെന്‍റ് ജോസഫ് ഇഎംഎച്ച് സെക്കന്‍ഡറി സ്കൂള്‍, ആലുവ എന്‍എഡി കേന്ദ്രീയ വിദ്യാലയ,  കളമശ്ശേരി രാജ​ഗിരി പബ്ലിക്ക് സ്കൂള്‍, കളമശ്ശേരി രാജ​ഗിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക്ക് സ്കൂള്‍,  കലൂര്‍ എസിഎസ് ഇം​ഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൈറ്റില ടോക്ക് എച്ച് സ്കൂള്‍, കടവന്ത്ര കേന്ദ്രീയ വിദ്യാലയ, എറണാകുളം എസ്ആര്‍വി ​ഗവ. മോഡല്‍ വിഎച്ച്എസ്എസ്, എറണാകുളം ​ഗവ. ലോ കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,  മട്ടാഞ്ചേരി ടിഡി സ്കൂള്‍, ഫോര്‍ട്ടുകൊച്ചി ഇ എം ​ഗവ.  ഹയര്‍സ്സെക്കന്‍ഡറി സ്കൂള്‍, വൈറ്റില സെന്‍റ് റീത്താസ് ഹൈസ്കൂള്‍,  തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക്ക് സ്കൂള്‍, മുണ്ടംവേലി കേന്ദ്രീയ വിദ്യാലയ,  കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കലൂര്‍ സെവന്‍ത്ത് ഡേ അഡ് വെന്‍റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാക്കനാട് ക്രിസ്തുജയന്തി പബ്ലിക്ക് സ്കൂള്‍,  തെങ്ങോട് മാര്‍ തോമ പബ്ലിക്ക് സ്കൂള്‍,  പടമു​ഗള്‍ ജമാത്ത് റസിഡന്‍ഷ്യല്‍ പബ്ലിക്ക് സ്കൂള്‍,  ആലുവ ഐഡിയല്‍ പബ്ലിക്ക് സ്കൂള്‍, തൃക്കാക്കര നൈപുണ്യ പബ്ലിക്ക് സ്കൂള്‍.

date