Skip to main content

ക്ഷീരഗ്രാമം പദ്ധതിയിൽ പള്ളിപ്പുറം പഞ്ചായത്തിന് 50 ലക്ഷം രൂപ : മന്ത്രി ചിഞ്ചുറാണി 

 

എറണാകുളം: ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. പള്ളിപ്പുറം ക്ഷീര സഹകരണ സംഘത്തിൽ സജ്ജമാക്കിയ ഇരുപത് കിലോവാട്ട് സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി.  സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളിൽ ഒന്നാണ് പള്ളിപ്പുറം.  തീരദേശമേഖലയിലെ കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിന് നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ക്ഷീര കർഷകർ നേരിടുന്ന ഉയർന്ന കാലിത്തീറ്റ വില, ഇൻഷുറൻസ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പരിഹാരനടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെതന്നെ മികച്ച മുന്നേറ്റമാണ് ക്ഷീരമേഖലയിൽ സംസ്ഥാനം നടത്തുന്നത്. മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള പശുക്കളെ ഉൾപ്പെടെ എത്തിച്ച് ക്ഷീരോത്പാദനം വർദ്ധിതമാക്കും. ഊർജ്ജ ഉൽപാദാനത്തിൽ സ്വയം പര്യാപ്‌തത സൗരോർജ്ജ പദ്ധതിയിലൂടെ കൈവരിച്ചതുൾപ്പെടെ പള്ളിപ്പുറം ക്ഷീര സഹകരണ സംഘത്തിന്റെ നേട്ടങ്ങൾ മാതൃകാപരവും ഏറ്റവും അഭിനന്ദനീയവുമാണെന്നും മന്ത്രി പറഞ്ഞു. 

 മികച്ച ക്ഷീര കർഷകൻ അഡ്വ എസ് അനിൽകുമാറിനെയും  കർഷക ഗീത കൂട്ടുകാടിനെ 
 പൊന്നാടയണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു. ക്ഷീര വികസന ഡയറ്കടർ വി പി സുരേഷ്‌കുമാർ സൗരോർജ്ജ പദ്ധതി ധനസഹായ വിതരണം നിർവ്വഹിച്ചു.

ക്ഷീര സംഘത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഇരുപത് കിലോവാട്ടിന്റെ സൗരോർജ്ജ പ്ലാന്റ് 10,08,900 രൂപ ചെലവിലാണ് സ്ഥാപിച്ചത്. ഇതിൽ 7,56,675 രൂപ ക്ഷീരവികസന വകുപ്പിന്റെ സബ്‌സിഡിയാണ്. ബാക്കി 2,52,225 രൂപ സംഘം ഫണ്ടിൽനിന്ന് ചെലവാക്കി. സംഘത്തിന് ആവശ്യമായ വൈദ്യുതി കഴിഞ്ഞ് അവശേഷിക്കുന്നത് വൈദ്യുതി ബോർഡിന് നൽകും. 

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ എം ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, അംഗം രാധിക സതീഷ്, പള്ളിപ്പുറം പഞ്ചായത്ത് സീനിയർ വെറ്ററിനറി സർജൻ എം എസ് അഷ്‌കർ, ക്ഷീര സഹകരണ സംഘം പ്രസിഡന്റ് സി എച്ച് ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവർ സംസാരിച്ചു. . ഡെപ്യൂട്ടി ഡയറക്‌ടർ പി പി ബിന്ദുമോൻ, അസിസ്റ്റന്റ് ഡയറക്‌ടർ നിഷ വി ഷെറീഫ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, സോളാർ പദ്ധതി നിർവ്വഹണ ഏജൻസി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

date