Skip to main content

കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

പട്ടിജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്നു. യഥാർത്ഥ ചെലവോ, 40,000 രൂപയോ ഏതാണോ കുറവ്, ആ തുകയാണ് അനുവദിക്കുക. പട്ടികജാതി/ പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുളള നോവൽ, കഥ, കവിത, നാടകം തുടങ്ങിയവയും മറ്റ് പഠന ഗവേഷണ വൈജ്ഞാനിക ഗ്രന്ഥങ്ങളും ധനസഹായത്തിന് പരിഗണിക്കും.  വിവർത്തന കൃതികളും പാഠപുസ്തകങ്ങളും മുമ്പ് പ്രസിദ്ധീകരിച്ചവയും പരിഗണിക്കില്ല.  പട്ടികജാതി/ പട്ടികവർഗക്കാരെ സംബന്ധിക്കുന്ന ക്ലാസിക്കൽ മൂല്യമുളള കൃതികളും, ദുർലഭവും ഈടുറ്റതുമായ കൃതികളുടെ പുന:പ്രകാശനങ്ങളും, പരേതരായ പട്ടികജാതി/പട്ടികവർഗ എഴുത്തുകാരുടെ സമ്പൂർണ/തെരഞ്ഞെടുത്ത കൃതികളും പരിഗണിക്കും. നിർദിഷ്ട മാതൃകയിലുളള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രന്ഥത്തിന്റെ രണ്ട് കൈയെഴുത്ത് പ്രതികളും, (അച്ചടിക്കുമ്പോൾ 50 പേജിൽ കുറയാത്തത്), 1000 കോപ്പി അച്ചടിക്കുന്നതിന് പ്രസിദ്ധീകരണ ശാലയിൽ നിന്നോ, ഓഫ്സെറ്റ് പ്രസിൽ നിന്നോ വാങ്ങിയ എസ്റ്റിമേറ്റ്, മൂന്നു മാസത്തിനകം അച്ചടിച്ച് നൽകാമെന്ന പ്രസ് മാനേജരുടെ സമ്മതപത്രം എന്നിവ വേണം. അപേക്ഷകന്റെ പൂർണ വിലാസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് നമ്പർ (ഐഎഫ്എസ്ഇ സഹിതം) പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ വിവരങ്ങൾ, സർക്കാരിൽ നിന്നോ, അർദ്ധ സർക്കാർ, സന്നദ്ധ സംഘടനകളിൽ നിന്നോ ലഭിച്ചിട്ടുളള സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.  ഒരു വർഷം പരമാവധി 20 സാഹിത്യകാരൻമാർക്കാണ് ധനസഹായം നൽകുക.
അപേക്ഷകൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ കവടിയാർ പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ നവംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ലഭിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിൽ  നിന്നും, www.scdd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 04712315375.
 

date