Skip to main content

പരിമിതികളെ കഴിവുകളാക്കിയ അസ്നയ്ക്ക് പഞ്ചായത്തിന്റെ ആദരം

പ്രതിസന്ധികളിൽ തളരാതെ കുറവുകളെ കഴിവുകളാക്കിയ അസ്ന ഷെറിന് അന്നമനട പഞ്ചായത്തിന്റെ ആദരം. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ചാണ് അസ്നയെ ആദരിച്ചത്.  അസ്ന വരയ്ക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചിത്രംവര മാത്രമല്ല ബോട്ടിൽ ആർട്ട്‌, കവിത, എഴുത്ത് അങ്ങനെ പോകുന്നു ഈ കൊച്ചുമിടുക്കിയുടെ കഴിവുകൾ. 
സ്‌പൈനൽ മാസ്ക്കുലാർ അട്രോഫി എന്ന മസിൽ വീക്കo വരുന്ന രോഗാവസ്ഥയെ തോൽപ്പിച്ചാണ് ഈ പത്താം ക്ലാസുകാരി തന്റെ ഓരോ കലാസൃഷ്ടിക്കും ജീവൻ നൽകുന്നത്.  ഗ്ലാസ് പെയിന്റിങ്ങാണ് പ്രധാനമായും ചെയ്യുന്നത്. വരയോടും നിറങ്ങളോടുമുള്ള ഇഷ്ടമാണ് അസ്നയെ ചിത്രകാരിയാക്കിയത്.  ഡ്രൈവറായ അച്ഛൻ ഷിയാദിനും അമ്മ അനീസക്കും നാലാം ക്ലാസുകാരി ഐഷക്കുമൊപ്പം അന്നമനട മേലടൂരിലാണ്  താമസം.

ഒന്നര വയസിലാണ് അസ്നയുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസിലായി തുടങ്ങുന്നതെന്ന് അസ്നയുടെ അമ്മ അനീസ പറയുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടുവിന് ഓപ്പറേഷൻ പത്ത് ലക്ഷം രൂപ ചെലവിൽ നടത്തിയിരുന്നു. സ്‌പൈനൽ മാസ്ക്കൂലാർ അട്രോഫി ആയതിനാൽ മറ്റുള്ള കുട്ടികളെപോലെ സ്വന്തമായി നടക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യുവാനോ അസ്നക്ക് കഴിയില്ല.  ഒരാളുടെ സഹായം എപ്പോഴും ആവശ്യമാണ്‌. മേലടൂർ ഗവ.സമിതി സ്കൂളിലാണ് അസ്ന പഠിക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി തിരുവനന്തപുരം,  കഴക്കൂട്ടം, മാജിക്‌ പ്ലാനറ്റിന്റെ ഭാഗമായുള്ള ഡിഫറന്റ് ആർട്ട്‌ സെന്ററിൽ നടന്ന സഹയാത്ര എന്ന പരിപാടിയിലും അസ്ന പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര ബാലികാ ദിനത്തിൽ പഞ്ചായത്ത്‌ മുൻകൈയെടുത്ത് തന്റെ ചെറിയ കഴിവുകളെ ആദരിച്ചതിൽ ഏറെ സന്തോഷത്തിലാണ് അസ്ന. പത്താം ക്ലാസ് ആയതിന്റെ പഠനതിരക്കിലാണ് ഇപ്പോൾ ഈ മിടുക്കി.

date