Skip to main content

മുൻഗണന റേഷൻകാർഡ് ലഭിക്കാൻ ഇനി സങ്കീർണതകളില്ല

മുൻഗണന റേഷൻകാർഡുകൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിനുള്ള സങ്കീർണത ഇല്ലാതാകുന്നു. ബിപിഎൽ റേഷൻ കാർഡുകൾ ലഭിക്കുന്നതിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഒരു കുടുംബത്തിന് കുറഞ്ഞത് 30 പോയിന്റാണ് ലഭിക്കേണ്ടത്. ഇതിൽ 20 പോയിന്റ് ലഭിക്കുക ഗ്രാമപഞ്ചായത്തിൽ നിന്നോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നൽകുന്നതോ ആയ  ബിപിഎൽ സാക്ഷ്യപത്രം ഹാജരാക്കുന്നവർക്കാണ്. 2009ലെ  ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഈ 20 പോയിന്റ് ലഭിച്ചിരുന്നത്. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് താലൂക്ക് സപ്ലൈ ഓഫീസുകൾ ഈ ആനുകൂല്യം നൽകിയിരുന്നില്ല. 

2009ലെ ബിപിഎൽ പട്ടികയിൽ നിരവധി അപാകതകൾ ഉണ്ടെന്ന്  സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് ബിപിഎൽ സാക്ഷ്യപത്രം നൽകുന്നതിനു വേണ്ടി 2015 സെപ്റ്റംബറിലും  2016 ഒക്ടോബറിലും രണ്ട് ഉത്തരവുകൾ വീതം തദ്ദേശ സ്വയം ഭരണവകുപ്പ് ഇറക്കിയിരുന്നു. ഇത്പ്രകാരം  അർഹരായവർക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ബിപിഎൽ സാക്ഷ്യപത്രം നൽകുന്നുണ്ട്. പക്ഷെ ഈ ഉത്തരവ് പ്രകാരം ഉള്ള ബിപിഎൽ സർട്ടിഫിക്കറ്റുകൾ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കിയാലും റേഷൻ കാർഡ്  മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അർഹമായ 20 പോയിന്റ്  നൽകിയിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് എംഎൽഎ നിയമസഭയിൽ  ചോദ്യം ഉന്നയിച്ചത്. തുടർന്ന്, 2016 ലെയും 2015 ലെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  ഉത്തരവ് പ്രകാരമുള്ള ബിപിഎൽ  സാക്ഷ്യപത്രം പരിഗണിച്ച് അർഹമായ പോയിന്റ് കുടുംബങ്ങൾക്ക് നൽകി, റേഷൻ കാർഡ്  ബിപിഎൽ ആക്കുന്നതിനുള്ള നടപടികൾ  സ്വീകരിക്കുമെന്നും പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു.

date