Skip to main content
ചെമ്മനടാ ജമാ അത്ത് ഹയർസെക്കണ്ടറി സ്‌കൂൾ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ കൈമാറുന്നു

അകാലത്തിൽ പൊലിഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിന് വീടൊരുക്കി  ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്‌കൂൾ

താക്കോൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ കൈമാറി

അകാലത്തിൽ പൊലിഞ്ഞു പോയ വിദ്യാർഥിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിന് നിറം പകർന്ന് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്‌കൂൾ. ചൂരി ഐക്യ വേദിയുമായി സഹകരിച്ച് നിർമ്മിച്ച ഓർമവീടിന്റെ താക്കോൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ കൈമാറി. ഒരു ദാരുണമായ സംഭവമുണ്ടായാൽ അതിനോട് സമൂഹം എങ്ങനെ പ്രതികരിക്കണമെന്നതിന്റെ ഉദാഹരണമാണ് ഈ ഓർമവീടെന്ന് മന്ത്രി പറഞ്ഞു. മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയിൽ അവരെ ചേർത്തു പിടിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹപാഠികളും സമൂഹവുമെല്ലാം ഉണ്ടാകുക എന്നത് മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സ്നേഹവീടെന്ന പേരിൽ സ്‌കൂളിലെ ഏറ്റവും നിർധനനായ വിദ്യാർഥിക്കും വീട് വെച്ച് നൽകിയിരുന്നു. ചടങ്ങിൽ സ്‌കൂൾ മാനേജർ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ മുഖ്യാതിഥിയായി. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, ബ്ലോക്ക് പഞ്ചായത്തംഗം ബദറുൽ മുനീർ, ചെമ്മനാട് പഞ്ചായത്തംഗം അമീർ പാലോത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ നന്ദികേശൻ, പിടിഎ പ്രസിഡന്റ് ബി.എച്ച്. അബ്ദുൾഖാദർ, പ്രിൻസിപ്പൽ ഡോ. സുകുമാരൻ നായർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ കെ.ഒ. രാജീവൻ സ്വാഗതവും സി.എം. മുസ്തഫ നന്ദിയും പറഞ്ഞു.

 

date