Skip to main content
കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നദീതട വികസന സെമിനാറും ആസൂത്രണ സംഗമവും ജില്ലാ ആസൂത്രണ സമിതി ഹാളിൽ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

ഓരോ പുഴയ്ക്കും വ്യത്യസ്തമായ മാനേജ്മെന്റ് ആവശ്യം: സെമിനാർ

 

വിവിധ പുഴകളുടെ ഘടനയും അവ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വ്യത്യസ്തമാണെന്നും അവ നേരിടാൻ ഓരോ പുഴയ്ക്കും വ്യത്യസ്തമായ മാനേജ്മെന്റ് ആവശ്യമാണെന്നും ബയോ എഞ്ചിനീയറിങ് സാധ്യത ഉപയോഗപ്പെടുത്തണമെന്നും കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നദീതട വികസന സെമിനാർ അഭിപ്രായപ്പെട്ടു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതാത് പ്രദേശത്ത് പ്രാദേശിക ജൈവ വൈവിധ്യ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്നും പുഴയ്ക്കും അവകാശങ്ങൾ നൽകണമെന്നും നിർദ്ദേശമുണ്ടായി.
അടിസ്ഥാന വിഭവ ശോഷണത്തിൽ സംസ്ഥാന ശരാശരിക്ക് തുല്യമായ നിലയിലേക്ക് കാസർകോട് എത്തിയിരിക്കുന്നു. ഭൂഗർഭ ജലത്തിന്റെ കാര്യത്തിൽ കാസർകോട് അതീവ ഗുരുതരാവസ്ഥയിലും മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലും ആണെന്ന പഠന റിപ്പോർട്ടിനെ തുടർന്ന് നദീതട സംരക്ഷണം ഫലപ്രദമായി നടപ്പിക്കാൻ പ്രഗൽഭരുടെ അഭിപ്രായങ്ങൾ തേടാനായാണ് ജില്ലാ പഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചത്.
വിവിധ വകുപ്പുകളുടെ തലവൻമാർ, പരിസ്ഥിതി പ്രവർത്തകർ, റിസർച്ച് സ്‌കോളർമാർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണൻ അധ്യക്ഷയായി. സി.ഡബ്ല്യു.ആർ.ഡി.എം ഡയറക്ടർ ഡോ. മനോജ് സാമുവൽ 'നദീതട മാനേജ്മെന്റ്' വിഷയം അവതരിപ്പിച്ചു. കെ.എസ്.ബി.ബി മുൻ മെമ്പറായ ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ മോഡറേറ്ററായി. പി.എ.യു പ്രൊജക്ട് ഡയറക്ടർ കെ. പ്രദീപൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി, മണ്ണ് സംരക്ഷണ ഓഫീസർ വി.എം അശോക് കുമാർ, സോഷ്യൽ ഫോറസ്റ്റ് ഓഫീസർ ബിജു, ജിയോളജിസ്റ്റ് ഗോപിനാഥ് തുടങ്ങിയവർ വിവിധ വകുപ്പുകൾ ജലസംരക്ഷണവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിവിധ സർക്കാർ പദ്ധതികൾ എത്രമാത്രം ജല സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നുവെന്നും വ്യക്തമാക്കി.
ജില്ലയിൽ ഒരു പുഴയെ അടിസ്ഥാനപ്പെടുത്തി അതിന്റെ കൈവഴികളും വൃഷ്ടി പ്രദേശങ്ങളും എല്ലാം ഉൾപ്പെടുത്തി സംരക്ഷണത്തിന്റെ മികച്ച മാതൃക ഒരുക്കാൻ സെമിനാറിൽ നിർദ്ദേശം ഉയർന്നു. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കാമെന്നും ലാറ്ററൈറ്റ് സോണുകളും അവിടങ്ങളിലെ ജൈവ വൈവിധ്യവും സംരക്ഷിക്കേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ടായി.
ഭൂമി ശാസ്ത്ര വിവരസാങ്കേതിക വിദ്യയായ ജി.ഐ.എസ് സംവിധാനം ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി ലഭ്യമാകുന്നതോടെ മുഴുവൻ പഞ്ചായത്തുകളുടെയും ഭൂമിശാസ്ത്ര വിവരങ്ങൾ അറിയാൻ സാധിക്കും. ഈ വർഷം തന്നെ ഇത് പൂർത്തിയാകുന്നതോടെ സംസ്ഥാന സർക്കാർ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ലഭിക്കുന്ന വിവരവും ചർച്ചയായി.
പുഴകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ കൈകാര്യം ചെയ്യുന്നത് ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ ഒരുമാറ്റം അനിവാര്യമാണെന്നും ബ്ലോക്ക് പഞ്ചായത്തുകൾ കൂടി ഈ വിഷയത്തിൽ കടന്നുവരണമെന്നും അവർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അഭിപ്രായമുയർന്നു. ജില്ലയിൽ കൈപ്പാട് കൃഷി തിരികെ എത്തേണ്ടതിന്റെ ആവശ്യകതയും അതിലെ വരുമാന സാധ്യതയും ജല സംരക്ഷണത്തിലുണ്ടാകുന്ന മാറ്റങ്ങളും മുളം തൈകൾ പുഴയരികുകളിൽ നട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു. അതോടൊപ്പം ജില്ലയിൽ നെൽകൃഷി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും തെങ്ങിൻ തടങ്ങളം കവുങ്ങിൻ തോപ്പുകളും ജല സംരക്ഷണ കേന്ദ്രങ്ങളാകുന്ന വിധവും ചർച്ചയിലിടം നേടി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ. ബാലകൃഷ്ണൻ ചർച്ച ക്രോഡീകരിച്ചു. സെമിനാറിൽ ലഭിച്ച വിവിധ അഭിപ്രായങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് പ്രബന്ധരൂപത്തിലാക്കി ഒൻപത് നദികൾ എന്നതിന് പകരം ജില്ലയിലെ മുഴുവൻ നദികളെയും വലിയ പുഴകളെ രണ്ടാക്കി തിരിച്ചും സെമിനാറുകളും പഠനങ്ങളും നടത്തുമെന്ന് കെ. ബാലകൃഷ്ണൻ ചർച്ച ക്രോഡീകരിച്ചുകൊണ്ട് പറഞ്ഞു.

 

date