Skip to main content

ഐ.പി.ആർ.ഡി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് * കോഴിക്കോട്* വാർത്താക്കുറിപ്പ് 16 ഒക്ടോബർ 2021 

 

 

 

ഇന്നും (ഒക്ടോബർ 16) നാളെയും (ഒക്ടോബർ 17) സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത ;
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്നും (ഒക്ടോബർ 16) നാളെയും (ഒക്ടോബർ 17) ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതപോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ, അഴിച്ചു വെക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോൾ ഇവയുടെ ചുവട്ടിലോ, സമീപത്തോ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ചുമരിൽ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കണം.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നിൽക്കരുത്.

ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.

തദ്ദേശസ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടവരെ, ആവശ്യമുള്ള ഘട്ടങ്ങളിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തണം. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം പ്രവർത്തികൾ ചെയ്യരുത്.

പത്രം,പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുതിലൈനുകൾ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പാക്കണം.

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം.

ശക്തമായ കാറ്റിനെ നേരിടാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭിക്കും.

കോഴിക്കോട്  ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമില്‍ പോലിസ്, ഫയര്‍ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ്  എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.  അടിയന്തിര സാഹചര്യങ്ങളില്‍ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ എന്നിവ തകരാറിലായാല്‍ പുനസ്ഥാപിക്കുന്നതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി നിര്‍ത്താന്‍  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടർ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡിലുണ്ടാവുന്ന തടസ്സങ്ങള്‍ നീക്കാന്‍  ആവശ്യമായ ജോലിക്കാരുടെ ടീമിനെ തയ്യാറാക്കി നിര്‍ത്താന്‍  പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് എഞ്ചിനിയർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

    റിവര്‍ഗേജ് സ്റ്റേഷനുകൾ, റെയിന്‍ഗേജ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നും നദിയിലെ ജലനിരപ്പ്, മഴയുടെ തോത് എന്നിവ ഓരോ മണിക്കൂറിലും നിരീക്ഷിക്കുന്നതിനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.

    ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം നിരീക്ഷിക്കാനും ആയത് ഓരോ ആറ് മണിക്കൂറിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയെ അറിയിക്കാനും മേജർ /മൈനര്‍ ഇറിഗേഷൻ, കെ.എസ്.ഈ.ബി  വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
    നദികളില്‍ ജലനിരപ്പ് ഉയരുകയും പ്രാദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്യുന്ന സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ബോട്ടുകള്‍ സജ്ജമാക്കി വെക്കാന്‍  ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    നദികൾ, വെള്ളവുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള് എന്നിവിടങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത്  നിര്‍ത്തിവെക്കാന്‍  ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.     കോഴിക്കോട് ജില്ലയില്‍ പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോരമേഖലകളിലെ നദീതീരങ്ങൾ,വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ  നിരോധിച്ചു.     കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായേക്കാവുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ മാറ്റി പാർപ്പിക്കേണ്ടതിനാവശ്യമായ പ്രത്യേക സ്ഥാപനങ്ങൾ/ ആശുപത്രികൾ കണ്ടെത്തി തയ്യാറാക്കിയിട്ടുണ്ട്.     ദുരന്ത നിവാരണത്തിനാവശ്യമായ ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയുടെ ലഭ്യത ഓരോ താലൂക്കിലും ഉറപ്പുവരുത്തിയിട്ടുമുണ്ട്.

date