Skip to main content
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർകോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുമായി ചേർന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാറും സൈബർ നിയമ ക്ലാസും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള ഹൈക്കോടതി ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ  ഉദ്ഘാടനം ചെയ്യുന്നു

സാമൂഹിക മാധ്യമങ്ങൾ സാമൂഹിക വിരുദ്ധമാകാതിരിക്കാൻ പുതുതലമുറ മുൻകൈയെടുക്കണം: ജസ്റ്റിസ് വിനോദ്ചന്ദ്രൻ

 

സാമൂഹിക മാധ്യമങ്ങൾ സാമൂഹിക വിരുദ്ധമാകാതിരിക്കാൻ പുതുതലമുറ മുൻകൈയെടുക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ പറഞ്ഞു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർകോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുമായി ചേർന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാറും സൈബർ നിയമ ക്ലാസും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ആസാദി കാ അമൃത് മഹോത്സവ്' സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിശാലമായ സൈബർ ലോകം പകരുന്ന അറിവുകൾ ശരിയായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രവർത്തനം വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറാതിരിക്കാൻ പുതുതലമുറയും വിദ്യാർഥികളും ജാഗ്രത പുലർത്തണം. രാജ്യത്ത് സിവിൽ സർവീസ് മേഖലയിൽ ഉൾപ്പടെ ലഭ്യമാകുന്ന തൊഴിലവസരങ്ങൾ  കണ്ടെത്തുന്നതിനും താൽപര്യമുള്ള മേഖലകളിൽ ലക്ഷ്യം കൈവരിക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കണം. ഉപജീവനത്തിന് സഹായകമാകുന്ന  തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തണം. സൈബർ ഇടം തുറന്ന് നൽകുന്ന വിശാല ലോകത്തെ വിവരങ്ങൾ തിരിച്ചറിയണം. തെറ്റായ വിവരങ്ങളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലുണ്ടാകണമെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പറഞ്ഞു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് അദ്ദേഹം ഉപഹാരം നൽകി.
ജില്ല സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഞെയർമാനുമായ പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡൻറ് എം. നാരായണഭട്ട് എന്നിവർ ആശംസ നേർന്നു. ഷൈജിത്ത് കരുവക്കോട് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. സൈബർ നിയമത്തെക്കുറിച്ച് പി.ആർ ശ്രീനാഥ് ക്ലാസെടുത്തു. കാസർകോട് കുടുംബകോടതി ജഡ്ജി ടി.കെ. രമേഷ് കുമാർ സ്വാഗതവും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.പി. സുനിത നന്ദിയും പറഞ്ഞു.

date