Skip to main content

ചേർപ്പിലും പല്ലിശ്ശേരിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി 

കനത്ത മഴയിൽ ചേർപ്പ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ചേർപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും, പല്ലിശ്ശേരി എഎൽപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ചേർപ്പ് പഞ്ചായത്ത്‌ പരിധിയിലെ രണ്ടാം വാർഡ് മിത്രാനന്ദപുരത്തെ 6 കുടുംബങ്ങളിലെ 28 അംഗങ്ങളെയാണ് ക്യാമ്പിൽ എത്തിച്ചത്. ഇതിൽ 14 സ്ത്രീകളും, 9 പുരുഷൻമാരും 5 കുട്ടികളും ഉണ്ട്. ആവശ്യമെങ്കിൽ പടിഞ്ഞാട്ടുമുറി, ചൊവ്വൂർ സർക്കാർ സ്കൂളുകളിലും ക്യാമ്പുകൾ സജ്ജമാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജിഷ കള്ളിയത്ത് പറഞ്ഞു. ചേർപ്പ് സ്കൂളിലെ ക്യാമ്പ് എംഎൽഎ സി സി മുകുന്ദൻ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. വല്ലച്ചിറ പഞ്ചായത്ത്‌ പരിധിയിലെ പല്ലിശ്ശേരി എഎൽപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലെ പത്താം വാർഡ് കണ്ടേശ്വരം, വടക്കും പള്ളം പ്രദേശത്തെ 4 കുടുംബങ്ങളിലെ 19 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ആവശ്യം വരികയാണെങ്കിൽ വല്ലച്ചിറ ഗവ.യു പി സ്കൂളിലും, കടലാശ്ശേരി സ്കൂളിലും ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ മനോജ്‌ പറഞ്ഞു.

date