Skip to main content

തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷം; ക്യാമ്പുകളിൽ 26 കുടുംബങ്ങൾ

കൊടുങ്ങല്ലൂരിന്റെ തീരദേശം ഞായറാഴ്ച്ച പെയ്ത കനത്ത മഴയോടെ വെള്ളക്കെട്ടിൽ. കനോലി കനാലിൽ ജലനിരപ്പ് ഉയർന്ന് കരകവിഞ്ഞതോടെ വെള്ളക്കെട്ട് രൂക്ഷമായി. തിങ്കളാഴ്ച്ച രാവിലെ മുതൽ മഴ കുറഞ്ഞെങ്കിലും  കനോലി കനാലിൽ വെള്ളമുയരുന്നുണ്ട്. പുഴയോട് ചേർന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. എടത്തിരുത്തി സിറാജ് നഗർ, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, മധുരംപുള്ളി, കാക്കാത്തിരുത്തി എൽ.ബി.എസ് കോളനി, പാലിയം ചിറ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. 

എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തിലെ ഈ പ്രദേശത്ത് താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.  നിലവിൽ 26 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇതിൽ 19 പുരുഷന്മാർ, 36 സ്ത്രീകൾ, 9 കുട്ടികൾ എന്നിങ്ങനെ 64 പേരാണുള്ളത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ 18 കുടുംബങ്ങളിൽ നിന്നായി 48 പേരുണ്ട്. 16 പുരുഷന്മാരും 27 സ്ത്രീകളും അഞ്ച് കുട്ടികളും. കയ്പമംഗലം കാക്കാത്തിരുത്തി മദ്രസയിൽ 8 കുടുംബങ്ങളിൽ നിന്നായി 16 പേരുണ്ട്. മൂന്ന് പുരുഷന്മാരും 9 സ്ത്രീകളും നാല് കുട്ടികളും. ക്യാമ്പിലുള്ളവർക്ക്  വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ കെ.രേവ പറഞ്ഞു.

date