Skip to main content

എളവള്ളി ഗവ.സ്കൂളിന്റെ കെട്ടിടനിർമ്മാണം പുനരാരംഭിക്കുന്നു 

എളവള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പണികൾ പുനരാരംഭിക്കുന്നതിന് ധാരണയായി. മൂന്ന് വർഷം മുമ്പാണ് സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങിയത്.  ഇരുനില കെട്ടിടത്തിൻ്റെ താഴെയുള്ള മൂന്ന് മുറികളുടെ വാർപ്പ് മാത്രമാണ് പൂർത്തിയായത്. മറ്റ് മൂന്ന് മുറികളുടെ ചുമർ പണിയും കഴിഞ്ഞിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന എൻജിനീയർമാരുടെ നിർദ്ദേശം കരാറുകാരൻ അനുസരിക്കാതെ വന്നതോടെയാണ് നിർമ്മാണം നിർത്തിവെയ്ക്കാൻ കത്ത് നൽകിയത്. 

മുരളി പെരുനെല്ലി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. എംഎൽഎയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ പ്രശ്നം ചർച്ച ചെയ്തിരുന്നു. ഇതിനെ തുടർന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് ആലപ്പുഴ സ്വദേശിയായ കരാറുകാരനെ അടിയന്തരമായി വിളിച്ചുവരുത്തിയിരുന്നു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം സന്ദർശിച്ച കരാറുകാരനും പഞ്ചായത്ത് പ്രസിഡൻ്റും എംഎൽഎയും തൃശൂർ എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ധന്യ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. 

ഇതിനെ തുടർന്ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച കെട്ടിടത്തിന്റെ പ്രദേശത്ത് വൃത്തിയാക്കൽ നടക്കും. ഒക്ടോബർ 25 മുതൽ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കും. നിലവിൽ പ്രവർത്തിക്കായി നിശ്ചയിക്കപ്പെട്ട സമയം നീട്ടി നൽകും. വാർപ്പ് പൂർത്തീകരിക്കുന്നതോടെ ഇതുവരെ ചെയ്ത നിർമാണ പ്രവർത്തിയുടെ ബിൽ സമർപ്പിക്കും. മൂന്ന് മാസംകൊണ്ട് കെട്ടിടത്തിൻ്റെ പണി പൂർത്തീകരിക്കും. കെട്ടിടത്തിൻ്റെ നിർമ്മാണത്തിലെ അപാകതകൾ തൃശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്ധർ നിർദേശിക്കുന്ന തരത്തിൽ പരിഹരിക്കാനും ധാരണയായിട്ടുണ്ട്

date