Skip to main content

മഴക്കെടുതി : പാണഞ്ചേരിയിൽ  അടിയന്തര യോഗം ചേർന്നു

പാണഞ്ചേരി പഞ്ചായത്തിൽ മഴക്കെടുതി മൂലമുള്ള അടിയന്തര സാഹചര്യങ്ങൾ വിലയിരുത്താൻ പീച്ചി പൊലീസ് സ്‌റ്റേഷനിൽ യോഗം ചേർന്നു. വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മഴക്കെടുതി മൂലമുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പാണഞ്ചേരി പഞ്ചായത്ത് സജ്ജമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. 

മഴ തുടരുന്ന സാഹചര്യമുണ്ടായാൽ  പീച്ചി ഡാമിന്റെ ഷട്ടറുകൾ 12 ഇഞ്ച് വരെ ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുള്ളത് ആൽപ്പാറ വാർഡിലാണ്. ഇവിടെ വീടുകളിൽ കൂടുതൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.  ഇത് മുന്നിൽ കണ്ട് ആളുകളെ മാറ്റി പാർപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നതിനായാണ് പഞ്ചായത്തിന്റെ ദുരന്ത നിവാരണ സമിതി എന്ന നിലയിൽ പീച്ചി സ്‌റ്റേഷനിൽ യോഗം ചേർന്നത്. 

ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് ആറ് കേന്ദ്രങ്ങൾ  കണ്ടെത്തിയിട്ടുണ്ടെന്നും അവിടേയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും സിഐ എസ് ഷുക്കൂർ പറഞ്ഞു. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിന് വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റുകൾ നടത്തുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

പീച്ചി സിഐ എസ് ഷുക്കൂർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷർ, വില്ലേജ് ഓഫീസർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date