Skip to main content

മഴക്കെടുതി: കോട്ടയം ജില്ലയിൽ 18.02 കോടിയുടെ കൃഷിനാശം - പ്രാഥമിക കണക്കു പ്രകാരം 1118.75 ഹെക്ടറിലെ കൃഷി നശിച്ചു - 1070 ഹെക്ടറിലെ നെൽകൃഷി നശിച്ചു - കൂടുതൽ നാശം വൈക്കം ബ്ലോക്കിൽ

കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കാർഷിക മേഖലയിൽ 18.02 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള പ്രാഥമിക കണക്കാണിത്. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂർ ബ്ലോക്കുകളിലായി 1118.75 ഹെക്ടറിൽ കൃഷി നശിച്ചു. 3,969 കർഷകർക്കാണ് നഷ്ടമുണ്ടായത്.

ഏറ്റവും കൂടുതൽ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കർഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയിൽ 22.80, ഈരാറ്റുപേട്ടയിൽ 21.24, വാഴൂരിൽ 17.60 ഹെക്ടറിലെ കൃഷി നശിച്ചു. കടുത്തുരുത്തിയിൽ ഒരു ഹെക്ടറിലും പാലായിൽ 1.45 ഹെക്ടറിലുമാണ് കൃഷി നാശം. 

നാശം സംഭവിച്ച വിളകളുടെ വിവരങ്ങൾ വിസ്തൃതി  അടിസ്ഥാനത്തിൽ ചുവടെ: 

നെല്ല് - 1070.800 ഹെക്ടർ, 

ഏലം-100 ഹെക്ടർ, 

കപ്പ - 12 ഹെക്ടർ, 

പച്ചക്കറി- 5.340 ഹെക്ടർ,

പൈനാപ്പിൾ- 0.04 ഹെക്ടർ,

 

ഇവയ്ക്കു പുറമേ തെങ്ങ് (124 എണ്ണം),  വാഴ ( 17412) , റബർ മരങ്ങൾ (976) , കവുങ്ങ് ( 30 ) , കൊക്കോച്ചെടികൾ (45) , കാപ്പിച്ചെടികൾ ( 450), കുരുമുളക് (530) , ജാതി മരം (144) , ഗ്രാംമ്പൂ(60) എന്നിവയ്ക്കും നാശം സംഭവിച്ചു.

 

date