Skip to main content

വിജ്ഞാനത്തിനൊപ്പം വിനോദവും, കൗതുകമായി മറ്റത്തൂർ ജി.എൽ.പി പ്രീ സ്കൂൾ 

അറിവിന്റെ ബാലപാഠങ്ങൾ നുകരാനെത്തുന്ന കുരുന്നുകൾക്കായി കൗതുകങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് മറ്റത്തൂർ ഗവ.എൽ പി സ്കൂളിലെ പ്രീ സ്കൂൾ വിഭാഗം. കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിൽ ഉൾപ്പെടെ 8 മൂലകളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ സ്കൂളുകളോട് കിടപിടിക്കുന്ന രീതിയിൽ മഴവില്ല് എന്ന പേരിൽ ചിത്രകലാമൂല, മാന്ത്രികകളം എന്ന പേരിൽ ഗണിതമൂല, കൂടാതെ വായനാമൂല, വിജ്ഞാനമൂല, നിർമ്മാണമൂല, കലാമൂല എന്നിങ്ങനെ കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വേറിട്ടൊരു അന്തരീക്ഷം ഒരുക്കുകയാണ് സ്കൂളിൽ. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്  പുതിയ ദിശാബോധം നൽകുന്ന തരത്തിൽ വ്യത്യസ്ത മൂലകൾ ഒരുക്കിക്കൊണ്ട് കുഞ്ഞുങ്ങൾക്ക് സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് സ്കൂൾ ലക്ഷ്യമിടുന്നത്. 

മറ്റത്തൂർ ഗവ.എൽ പി സ്കൂളിനെ ജില്ലയിലെ ആദ്യത്തെ മോഡൽ സ്കൂളാക്കാൻ സമഗ്ര ശിക്ഷാ കേരള   തെരഞ്ഞെടുക്കുകയും പദ്ധതി പൂർത്തീകരണത്തിനായി 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഒക്ടോബർ അവസാനത്തോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മാതൃക പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിർവഹിക്കും. 

കൊടകര ബ്ലോക്കിന് കീഴെ മറ്റത്തൂർ പഞ്ചായത്തിൽ അവിട്ടപ്പിള്ളി എന്ന സ്ഥലത്ത് 1925ലാണ് സ്കൂൾ നിർമ്മിക്കുന്നത്. 30 വിദ്യാർത്ഥികളുമായി ഓല കെട്ടിടത്തിൽ  പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ ഇന്ന്  1-4 വരെ ക്ലാസുകളിലായി 250 ഓളം കുട്ടികളുണ്ട്. 
ഇതിൽ 85 കുട്ടികൾ പ്രീ പ്രൈമറിയിൽ പഠിക്കുന്നു. മുൻ എംഎൽഎ പ്രൊഫ.സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് 2020ൽ സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു.

date