Skip to main content

കുടുംബശ്രീ യുവതികള്‍ക്കായി ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു

 

 
യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയില്‍ എത്തിക്കുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളില്‍ അവബോധം നല്‍കാനും, വിവിധ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനുമായാണ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 1730 വാര്‍ഡുകളിലും യുവതീ സംഘങ്ങള്‍ രൂപീകരിക്കും.

ഒരു വാര്‍ഡില്‍ 18 നും 40 വയസ്സിനും ഇടയിലുള്ള 50 യുവതികളടങ്ങുന്ന ഒരു ഗ്രൂപ്പെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുക. സ്ത്രീധനം, ഗാര്‍ഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവ പ്രതിരോധിക്കുന്ന പ്രാദേശിക സംവിധാനങ്ങളായും ഓക്സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. അഭ്യസ്തവിദ്യരും, തൊഴില്‍ നൈപുണ്യവും ഉണ്ടായിട്ടും സ്വന്തം കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വീട്ടമ്മമാരായി കഴിയുന്ന യുവതികളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വേദികളായി ഓരോ ഗ്രൂപ്പിനെയും മാറ്റിയെടുക്കാനുള്ള കാര്യശേഷി വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് യുവതികളെ പ്രാപ്തരാക്കുക, ജാഗ്രത സമിതി, ലഹരിയ്‌ക്കെതിരെയുള്ള വിമുക്തി, സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം തുടങ്ങിയ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, യുവജന കമ്മീഷന്‍, യുവജന ബോര്‍ഡ് തുടങ്ങിയ ഏജന്‍സികളിലൂടെ നേട്ടങ്ങള്‍ കൈവരിക്കുക, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഉപജീവന പദ്ധതികള്‍ മുഖേന യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കുക എന്നിവയും ഓക്്‌സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങളാണ്.

date