Skip to main content

അയഡിന്‍ അപര്യാപ്തത പ്രതിരോധ വൈകല്യ ദിനാചരണം: വെബിനാര്‍ സംഘടിപ്പിച്ചു

ലോക അയഡിന്‍ അപര്യാപ്തത പ്രതിരോധ വൈകല്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യദൗത്യം എന്നിവ ജില്ലയിലെ ആര്‍.ബി.എസ്.കെ നഴ്സുമാര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ. രാംദാസ് എ.വി നിര്‍വഹിച്ചു. പനത്തടി താലൂക്കാശുപത്രി ഡയറ്റിഷ്യന്‍ മൃദുല രാജീവ് ക്ലാസെടുത്തു. ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയാ ഓഫീസര്‍ എസ്. സയന, ആര്‍ ബി.എസ്.കെ നഴ്സിങ് കോര്‍ഡിനേറ്റര്‍ അനു അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അയഡിന്റെ ആവശ്യകതയെ കുറിച്ചു അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ലോക അയഡിന്‍ അപര്യാപ്തത പ്രതിരോധ വൈകല്യ ദിനമായി ആചരിക്കുന്നത്.
നല്ല ആരോഗ്യത്തിനും, മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ആവശ്യമായി വരുന്ന പ്രകൃതിയില്‍ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിന്‍.
ഇന്ത്യയിലെ 235 ഓളം ജില്ലകളില്‍ ഇന്നും സ്ഥിരമായി അയഡിന്‍ അപര്യാപ്തത കണ്ടു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
* മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന അയഡിന്‍  തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം, ഉപാപചയം എന്നിവ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അയഡിന്റെ അളവ് 5-10 മൈക്രോഗ്രാം/ഡെസിലിറ്റര്‍ ആണ്. ഈ അളവ് നിലനിര്‍ത്തുവാന്‍ ദിവസവും 150 മുതല്‍ 200 മൈക്രോഗ്രാം അയഡിന്‍ ആവശ്യമാണ്. ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ അവസരങ്ങളില്‍ കൂടുതല്‍ അളവ് അയഡിന്‍ ആവശ്യമായി വരുന്നു. മൊത്തം അയഡിന്റെ തൊണ്ണൂറു ശതമാനവും നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. പത്ത് ശതമാനം കുടിക്കുന്ന വെള്ളത്തിലൂടെയും.
* അയഡൈസ്ഡ് ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, കടലോരത്ത് വളരുന്ന സസ്യങ്ങള്‍, കടല്‍പ്പായലുകള്‍ എന്നിവയിലൊക്കെയാണ് അയഡിന്റെ അളവ് കൂടുതലായും കണ്ടു വരുന്നത്. ഇതു കൂടാതെ പാലിലും ധാന്യങ്ങളിലും മാംസ്യത്തിലും ചെറിയ അളവില്‍ അയഡിന്‍ കണ്ടു വരുന്നു. ഒരു പ്രദേശത്തെ വെള്ളത്തിലെയും മണ്ണിലേയും അയഡിന്റെ അളവ് അവിടുത്തെ ഭക്ഷണത്തിലെ അയഡിന്റെ അളവിനെയും സ്വാധീനിക്കാറുണ്ട്. പര്‍വ്വത പ്രദേശങ്ങളിലും ഇടക്കിടെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലും താരതമ്യേന അയഡിന്റെ അളവ് കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു.
കുട്ടികളില്‍  അയഡിന്റെ  അപര്യാപ്തത മൂലം
* മാനസികവും ശാരീരികവുമായ വളര്‍ച്ച മാന്ദ്യം
* ഗോയിറ്റര്‍  (കഴുത്തിലുണ്ടാകുന്ന മുഴ )
* ബുദ്ധിമാന്ദ്യം
* കാഴ്ച്ച  വൈകല്യം
* സംസാര വൈകല്യം
* ശ്രവണ വൈകല്യം
* ഹൈപോതൈറോയിഡിസം
* നാഡീ -പേശീ  ബലഹീനത
* പേശീ മുറുക്കം
* ക്രെറ്റനിസം-ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുറവ്
*  പഠനവൈകല്യങ്ങള്‍
* തലച്ചോറിനേയും, നാഡീവ്യവസ്ഥയെയും ബാധിക്കുന്ന മറ്റു തകരാറുകള്‍ വരെ  സംഭവിക്കാം.

സ്ത്രീകളില്‍

* ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക
* ഗര്‍ഭച്ഛിദ്ര സാധ്യതകള്‍ വര്‍ധിക്കുക
* ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങള്‍ മരിക്കുക എന്നിങ്ങനെ പല സങ്കീര്‍ണതകള്‍ക്കും വഴിയൊരുക്കുന്നു. തടയുന്നതെങ്ങനെ ?
* പാചകത്തിനു അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക
* കടല്‍ജന്യ ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
* പാല്‍, ധാന്യം, മാസ്യം എന്നിവ ഉള്‍ക്കൊള്ളുന്ന ഭക്ഷണരീതി പിന്തുടരുക.

ഈ ശീലങ്ങള്‍ ഒരു പരിധി വരെ ഇത്തരം രോഗങ്ങളെ ചെറുക്കും.

date