Skip to main content

ദുരിതബാധിതമേഖലകളിലെ പ്രവർത്തനം  വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്  - മന്ത്രി വി.എൻ. വാസവൻ ദുരിതമേഖലകളും ദുരിതാശ്വാസക്യാമ്പുകളും സന്ദർശിച്ചു

കോട്ടയം: കൂട്ടിക്കലടക്കം ദുരിതബാധിതമേഖലകളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്(ഒക്‌ടോബർ 22 വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേരുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും സെബാസ്റ്റിയൻ കുളത്തിങ്കൽ എം.എൽ.എയ്ക്കുമൊപ്പം കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിൽ മഴക്കെടുതിയും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മൂലം ദുരിതം നേരിട്ട പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകൾ നഷ്ടങ്ങൾ തിട്ടപ്പെടുത്തുന്ന പ്രവർത്തനം നടത്തുകയാണ്. മണ്ണും ചെളിയുമടിഞ്ഞ റോഡുകളിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ എല്ലാ സൗകര്യവും ഒരുക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ സംഘം ക്യാമ്പുകൾ സന്ദർശിച്ച് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയും പരിശോധനകൾ നടത്തുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.  

മലവെള്ളപ്പാച്ചിലിൽ തകർന്ന വെള്ളനാടി വള്ളക്കടവ് കാവുംഭാഗം പാലവും കുറുവാമൂഴിയിൽ നദീതീരത്തിനടുത്ത് പൂർണമായി നശിച്ച വീടുകളും അഞ്ചിലിപ്പയിലെ അഭയഭവനും കടകളും പ്രളയത്തിൽ ബലക്ഷയം നേരിട്ട കാഞ്ഞിരപ്പള്ളി-റാന്നി റോഡിലെ കടവനാൽകടവ് പാലവും മന്ത്രി സന്ദർശിച്ചു. പ്രദേശവാസികളുമായും ദുരന്തബാധിതരുമായും സംസാരിച്ചു. 

 

കുറുവാമൂഴിയിലെ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. 31 കുടുംബങ്ങളിലെ 114 പേരാണ് ക്യാമ്പിലുള്ളത്. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. 14 കുടുംബങ്ങളിലെ 49 പേർ കഴിയുന്ന വിഴിക്കത്തോട് ചേനപ്പാടി ആർ.വി.ജി. വി.എച്ച്.എസ്. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു. 

കൊക്കയാറിൽ ഉരുൾപൊട്ടലിൽ മരിച്ച അംന, അമീൻ, ഇവരുടെ അമ്മ

ഫൗസിയ എന്നിവരുടെ കാഞ്ഞിരപ്പള്ളിയിലെ ചേരിപുറത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഫൗസിയയുടെ ഭർത്താവ് സിയാദുമായി സംസാരിച്ചു. 

പഞ്ചായത്തു പ്രസിഡന്റുമാരായ കെ.ആർ. തങ്കപ്പൻ, തങ്കമ്മ ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, റോസമ്മ തോമസ്, ബി.ആർ. അൻഷാദ്, പി.കെ. തുളസി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടക്കയത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മന്ത്രി നേതൃത്വം നൽകുന്നു. 

date