Skip to main content

അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും:  മന്ത്രി മുഹമ്മദ് റിയാസ്

കുന്നംകുളം നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡിന്റെ നിര്‍മ്മാണ തടസങ്ങള്‍ ഒഴിവാക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണം സംബന്ധിച്ച് എ.സി.മൊയ്തീന്‍ എംഎല്‍എ വെള്ളിയാഴ്ച നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2016 ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുകയും സാങ്കേതികാനുമതിക്ക് ശേഷം 2019ല്‍ കരാര്‍ നല്‍കി പ്രവൃത്തി ആരംഭിക്കുകയും ചെയ്ത റോഡാണിത്. അനുബന്ധ പ്രവൃത്തിയായ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള തുക കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നു. എല്‍.എസ്.ജി.ഡി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള തുക കൂടുതലായി വന്നതിനാല്‍ ആയതിനുള്ള സാമ്പത്തിക അനുമതി പുതുക്കി 2021 സെപ്റ്റംബര്‍ 23ന് അനുവദിച്ചിട്ടുണ്ട്. നിലവില്‍ 65 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഓടകളുടേയും കലുങ്കുകളുടേയും പണി ഏറെക്കുറെ പൂര്‍ത്തിയാക്കി. കേരള വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചിട്ടുണ്ട്.  പ്രവൃത്തിയുടെ കാലാവധി 31-05-2022 വരെ നീട്ടണമെന്ന അപേക്ഷയുടെ മേല്‍ ഫീല്‍ഡ് ഓഫീസില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമായാല്‍ ഉടന്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുകയും പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പ്രവൃത്തിയുടെ വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കി പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

date