Skip to main content

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് വേണം: ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ

സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡെന്ന ആവശ്യം ശക്തമാണെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ. തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശ്രിതരുടേയും ക്ഷേമത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും വേണ്ടി യുക്തമായ നടപടികള്‍ ആലോചിച്ച് കൈക്കൊള്ളുവാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാനും അധികാരപ്പെട്ട കേന്ദ്രമെന്ന നിലയിലാണ് ബോര്‍ഡ് പ്രാധാന്യമര്‍ഹിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

കേരളത്തില്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍  ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച  2021ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍. ബില്‍ പ്രകാരം രണ്ട് വര്‍ഷം തൊഴിലെടുത്ത പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ ക്ഷേമനിധിയില്‍ അംഗങ്ങളാകാം. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലെടുക്കുന്നവരുടെയും, കുട്ടികളുടേയും, ആശ്രിതരുടേയും, ആരോഗ്യപരിരക്ഷ, വിവാഹം, വിദ്യാഭ്യാസം എന്നിവക്ക് സഹായം നല്‍കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, തൊഴിലെടുക്കാന്‍ പറ്റാതാവുന്നതും 70 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കുക.  തൊഴിലാളികള്‍ ജോലി ചെയ്തുവരുന്ന സ്ഥലത്തിന്റെ ഉടമ/കമ്പനി ഉടമ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രകാരമുള്ള വിഹിതം, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തൊഴിലാളി വിഹിതം, സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രകാരം രൂപീകരിക്കുന്ന ക്ഷേമനിധി ഫണ്ട്, മറ്റ് സാമ്പത്തിക വരുമാന മാര്‍ഗങ്ങള്‍ എന്നിവയിലൂടെ ആയിരിക്കണം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.  തൊഴിലെടുക്കുന്നവരും കുടുംബത്തില്‍പ്പെട്ടവരും അപകടത്തില്‍പ്പെടുകയോ ഈ അപകടം മൂലം മരണപ്പെടുകയോ ചെയ്താല്‍ ധനസഹായം നല്‍കുക. എന്നിവയാണ് ബോര്‍ഡിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 

കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം സാമ്പത്തികമായും സാമൂഹ്യപരമായും ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള 27 ലക്ഷം പേര്‍  തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 99 ശതമാനവും സ്ത്രീകളാണ്. ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം വഴി സ്ത്രീശാക്തീകരണവും ലിംഗനീതിയും ഉറപ്പുവരുത്താനും സാധിക്കും. തൊഴിലാളികള്‍ക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഈ സ്വകാര്യ ബില്‍ (നിയമം) സര്‍ക്കാര്‍ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണെന്നും എംഎല്‍എ അറിയിച്ചു.

 

date