Skip to main content

ജപ്പാനിലെ തൊഴിലവസരങ്ങള്‍: എസ് എസ് ഡബ്‌ള്യു വെബ്ബിനാര്‍ ഒക്ടോബര്‍ 23ന്‌

ജപ്പാനിലെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂരും അസാപും ചേര്‍ന്ന് വെബ്ബിനാര്‍ സംഘടിപ്പിക്കുന്ന വെബ്ബിനാര്‍ ഇന്ന്. ഒക്ടോബര്‍ 23, ശനി വൈകിട്ട് 3.30 മുതല്‍ 4.30 വരെ വെബ്എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബ്ബിനാര്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജപ്പാനിലെ തൊഴിലവസരങ്ങള്‍, തൊഴില്‍ നേടാനാവശ്യമായ നൈപുണ്യപഠന വിഷയങ്ങള്‍, ഭാഷാപ്രാവീണ്യം നേടാനാവശ്യമായ പരിശീലനപദ്ധതികള്‍, തൊഴിലിനായി ജപ്പാനിലേക്ക് പോകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളാണ് വെബ്ബിനാര്‍ ചര്‍ച്ച ചെയ്യുക. ജപ്പാനിലെ വിവിധ തൊഴില്‍ മേഖലകളിലേക്ക് ഇന്ത്യന്‍ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് സുഗമമാക്കുന്നതിനും ജാപ്പനീസ് ഭാഷാ പരിശീലനവും ടെസ്റ്റിംഗ് സൗകര്യങ്ങളും സ്ഥാപിക്കാനും ജാപ്പനീസ് സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തില്‍ ഇതിനുള്ള സംവിധാനങ്ങള്‍ നോര്‍ക്ക വകുപ്പ് നേതൃത്വം നല്‍കും. 14 മേഖലകളില്‍ തൊഴില്‍ നൈപുണ്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജാപ്പനീസ് ഭാഷാപ്രാവീണ്യം കൂടെ നേടിയാല്‍ ജപ്പാനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും. നഴ്‌സിങ്ങ്, കെട്ടിട ശുചീകരണം, മെറ്റീരിയല്‍ പ്രോസസ്സിംഗ്, വ്യവസായം, വ്യാവസായിക യന്ത്രങ്ങളുടെ നിര്‍മ്മാണ വ്യവസായം, ഇലക്ട്രിക് ഇലക്ട്രോണിക്‌സ് ബന്ധപ്പെട്ട വ്യവസായം, നിര്‍മ്മാണ മേഖല, കപ്പല്‍ നിര്‍മ്മാണവും കപ്പലുമായി ബന്ധപ്പെട്ട വ്യവസായവും, ഓട്ടോമൊബൈല്‍ സര്‍വീസ്, വ്യോമയാനം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഫുഡ് ആന്‍ഡ് ബിവറേജസ് നിര്‍മ്മാണ വ്യവസായം, ഫുഡ് സര്‍വീസ് എന്നി മേഖലകള്‍ക്കാണ് ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവുക. ഇങ്ങനെ റിക്രൂട്ട്‌ചെയ്യപെടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കര്‍  എന്ന റെസിഡന്‍സ് സ്റ്റാറ്റസ് നല്‍കും. ജാപ്പനീസ് ഭാഷാപരീക്ഷയും (LGPTN 4) നൈപുണ്യ പരീക്ഷയും നടത്തിയശേഷമാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് തുടക്കമാവുക.

date