കൃതികൾ പ്രസിദ്ധീകരിക്കാൻ ധനസഹായം; അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യഥാർത്ഥ ചെലവോ 40,000 രൂപയോ ഏതാണോ കുറവ് ആ തുകയാണ് അനുവദിക്കുക. പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് പൊതു വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള നോവൽ, കഥ, കവിത, നാടകം തുടങ്ങിയവയും മറ്റു പഠന ഗവേഷണ വൈജ്ഞാനിക ഗ്രന്ഥങ്ങളും പരിഗണിക്കും. വിവർത്തനകൃതികളും പാഠപുസ്തകങ്ങളും മുൻപ് പ്രസിദ്ധീകരിച്ചവയും പരിഗണിക്കില്ല. വർഷം പരമാവധി 20 സാഹിത്യകാരൻമാർക്കാണ് ധനസഹായം നൽകുക.
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാൻ ഉദേശിക്കുന്ന ഗ്രന്ഥത്തിന്റെ രണ്ടു കൈയൈഴുത്ത് പ്രതികളും 1000 കോപ്പി അച്ചടിക്കുന്നതിന് പ്രസിദ്ധീകരണശാലയിൽനിന്നോ, ഓഫ്സെറ്റ് പ്രസിൽ നിന്നോ വാങ്ങിയ എസ്റ്റിമേറ്റ്, മൂന്നു മാസത്തിനകം അച്ചടിച്ച് നൽകാമെന്ന പ്രസ് മാനേജരുടെ സമ്മതപത്രം, അപേക്ഷകന്റെ പൂർണ വിലാസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് നമ്പർ, പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ വിവരങ്ങൾ, സർക്കാരിൽ നിന്നോ, അർദ്ധ സർക്കാർ, സന്നദ്ധസംഘടനകളിൽ നിന്നോ ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായം സംബന്ധിച്ച വിവരം എന്നിവ ഹാജരാക്കണം.
അപേക്ഷയും അനുബന്ധ രേഖകളും ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം - 695 003 എന്ന വിലാസത്തിൽ നവംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0471 2315375.
- Log in to post comments