Skip to main content

ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഏകദിന ശില്‍പശാല ഒക്‌ടോബര്‍ 26ന്

 

വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പദ്ധതിയുടെ ആസൂത്രിതവും  സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. 'പി.എം.ജെ.വി.കെ:ജാലകം 21' എന്ന പേരില്‍ നടക്കുന്ന ഏകദിനശില്പശാല ഒക്ടോബര്‍ 26ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുഭരണ (ന്യൂനപക്ഷക്ഷേമ)വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറികെ.ആര്‍.ജ്യോതിലാല്‍ അധ്യക്ഷനാവും. 60:40 അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാനങ്ങള്‍ ചെലവു വഹിക്കുന്ന പദ്ധതിയിലൂടെ വയനാടു ജില്ലയില്‍ മാത്രം 113 പദ്ധതികളിലായി സ്‌കൂളുകളും ആശുപ്രതി കെട്ടിടങ്ങളും ശുദ്ധജലവിതരണ പദ്ധതികളും പൂര്‍ത്തിയായിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ലഭിച്ച 27.45 കോടി രൂപയുടെ സ്ത്രീശാക്തീകരണ കേന്ദ്രവും സ്‌കൂളുകളും ശൗചാലയങ്ങളും പ്രധാന പദ്ധതികളാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികവും, സാംസ്‌കാരികവും, നിപുണി വികസനം, ശുദ്ധജല വിതരണം, ഡിജിറ്റലൈസേഷന്‍ എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം വികസനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുന്നുണ്ട്. വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി ടൗണിലും മാത്രം പരിമിതമായിരുന്ന ഈ പദ്ധതി പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ ഒഴിച്ചുള്ള 12 ജില്ല പ്രദേശങ്ങളിലേക്ക് വ്യാപിച്ചുവെങ്കിലും പദ്ധതി സമര്‍പ്പണത്തിലും പദ്ധതി അംഗീകാരം നേടുന്നതിലും നടത്തിപ്പിലും പുതിയ ഗതിവേഗം കൈവരിക്കാനും വികേന്ദ്രീകൃത വിഭവ വിതരണം സാധ്യമാക്കാനും വികസനം ഉറപ്പാക്കാനുമാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പി.എം.ജെ.വി.കെ പദ്ധതിയും, പ്ലാനിംഗും, പദ്ധതി സമര്‍പ്പണം തദ്ദേശ സ്വയംഭരണതലത്തില്‍, പദ്ധതി നിര്‍വഹണം, പി.എം.ജെ.വി.കെ പദ്ധതി ഒറ്റ നോട്ടത്തില്‍ എന്നിവയെക്കുറിച്ച് യഥാക്രമം ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ് ചീഫ് ജെ. ജോസഫൈന്‍, പൊന്നാനി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ആന്‍ഡ് പ്രൊജക്ട് മാനേജര്‍ ഒ.സജീദ്, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ.എ.ബി മൊയ്തീന്‍കുട്ടി എന്നിവര്‍ ക്ലാസുകളെടുക്കും

date