Skip to main content

ഗോത്രവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കായി 'നങ്ക ചെമ്മം' ദൃശ്യകലാ ക്യാമ്പ്

 

സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡവലപ്മന്റ് ഏജന്‍സി വഴിക്കടവ് റെയ്ഞ്ചിലെ ഗോത്രവിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കായി ദൃശ്യകലാക്യാമ്പ് സംഘടിപ്പിക്കുന്നു. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ ഒക്ടോബര്‍ 25 മുതല്‍ 29 വരെയാണ്  'നങ്ക ചെമ്മം' എന്ന പേരില്‍ ക്യാമ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഒരുക്കുന്ന ഒപ്പുമരത്തില്‍ ഒപ്പുകള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പിന് തുടക്കം കുറിക്കുന്നത്.
  

അപ്പന്‍കാപ്പ്, തണ്ടന്‍കല്ല്, ഏട്ടപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, കവളപ്പാറ എന്നീ കോളനികളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ലളിതകലാ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ട്രസ്പാസേഴ്സാണ് ക്യാമ്പ് നയിക്കുന്നത്. ക്രയോണ്‍സ്, വാട്ടര്‍ കളര്‍, നാച്ചുറല്‍ കളര്‍, ക്ലേ മോഡലിങ് തുടങ്ങിയവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍  വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ ജോയ്, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ടിന്‍ ലോവല്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, പഞ്ചായത്ത് അംഗങ്ങള്‍, ഊരു മൂപ്പന്മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date