Skip to main content

നഗരശ്രീ ഉത്സവ് 2021'പൊന്നാനി നഗരസഭാതല പരിപാടിക്ക് തുടക്കമായി

 

പൊന്നാനി നഗരസഭയുടെ കീഴില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം  പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായുള്ള 'നഗരശ്രീ ഉത്സവ് 2021' പരിപാടിക്ക് തുടക്കമായി. ഒക്ടോബര്‍ 21 മുതല്‍ 31 വരെ വിവിധ പരിപാടികളോടെയാണ് നഗരശ്രീ ഉത്സവ് പൊന്നാനിയില്‍ സംഘടിപ്പിക്കുന്നത്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ മേളകള്‍,  അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുമുള്ള ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമ്പുകള്‍, നൈപുണ്യ പരിശീലനത്തിന് താത്പര്യമുള്ളവരെ കണ്ടെത്തുന്നതിന് മൊബിലൈസെഷന്‍ ക്യാമ്പ്, നിലവിലെ കുടുംബശ്രീ സംഘടന സംവിധാനം വിലയിരുത്തല്‍, പുതുതായി അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കല്‍, മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
 

പൊന്നാനി എ.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു.  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഷീനാസുദേശന്‍, ടി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ വി.നസീമ, ഇ.കെ സീനത്ത്, ശ്രീകല, സി.ഡി.എസ് പ്രസിഡന്റ്മാരായ മിനി, ബുഷറ, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു

date