Skip to main content

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ അപകടം : അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം 

 

 

 

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ കാലവർഷത്തിൽ ഉണ്ടായ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത കമ്പനിക്കും കെ.എസ്.ടി.പി ക്കുമാണ് നിർദേശം നൽകിയത്. ഈ സംഭവത്തിൽ കമ്പനിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഉൾപ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒക്ടോബർ 26ന് മുൻപായി കമ്മിറ്റിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.

ജില്ലയിലെ വിവിധ സംസ്ഥാന/ ദേശീയപാതകളിൽ അപകടമരണങ്ങൾ ഉണ്ടാവാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാനായി ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. ഉത്തരവ് പാലിക്കാത്ത പക്ഷം ഈ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഒക്ടോബർ 26ന് ജില്ലയിലെ ദേശീയ സംസ്ഥാന പാതയുമായി ബന്ധപ്പെട്ട  ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചു.

date