Skip to main content

ജില്ലയില്‍ മഞ്ഞ അലർട്ട്‌: ജനങ്ങൾ ജാഗ്രത പുലർത്തണം

 

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഒക്ടോബർ 24 മുതൽ ഒക്ടോബർ 28
വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ( ഒക്ടോബർ 24 വൈകീട്ട് 4 മണിക്ക് പുറത്തിറക്കിയ പട്ടിക പ്രകാരം ).
താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം.

ഏത് സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണ്. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാണ്. പോലീസ്, ഫയര്‍ ആന്റ റസ്‌ക്യൂ, ഇറിഗേഷന്‍, വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്. 

കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു. മേലേമരുതിലാവ് പാലക്കമറ്റത്തില്‍ തങ്കച്ചനെയും കുടുംബത്തെയുമാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ ഇവരെ നേരത്തെ തന്നെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. രാത്രിയിലെ കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിയുകയായിരുന്നു.  

മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ നെല്ലിപൊയില്‍ വില്ലേജിലെ മുണ്ടൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി ഒലിച്ചുപോയി. ഇതോടെ ഒറ്റപ്പെട്ടുപോയ രണ്ടു കുടുംബങ്ങളെ പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. രാവിലെ വെള്ളമിറങ്ങിയതോടെ വീട്ടുകാര്‍ തിരിച്ചെത്തിയതായി വില്ലേജ് അധികൃര്‍ പറഞ്ഞു. രണ്ടു ദിവസം മുമ്പ് മണ്ണിടിഞ്ഞ പൊട്ടന്‍കോട് മലയുടെ സമീപത്തുള്ള രണ്ടു കുടുംബങ്ങളോട് മുന്‍കരുതലിന്റെ ഭാഗമായി മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റവന്യു അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പുതുപ്പാടി വില്ലേജില്‍ അടിവാരം പൊട്ടിക്കൈ തടയണഭാഗത്ത് പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ സമീപത്തുതന്നെയുള്ള മകന്റെ വീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചു. രാവിലെയോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ - 1077.

date