പൂന്തോട്ടവും പുല്‍മേടും; ഹൈടെക് ആണ് ഈസ്റ്റ് എളേരി വാതകശ്മശാനം
പൂന്തോട്ടവും പുല്‍മേടും കളിസ്ഥലവുമെല്ലാമായി വേറിട്ടുനില്‍ക്കുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി വാതക ശ്മശാനം. കാടുപിടിച്ച് ഭയപ്പെടുത്തുന്ന ഇടമായിരുന്ന ശ്മശാനത്തെ മോടിപിടിപ്പിക്കുകയായിരുന്നു പഞ്ചായത്ത് ഭരണ സമിതി.
ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശ്മശാനത്തില്‍ മിനിറ്റുകള്‍ക്കകം മൃതദേഹം ദഹിപ്പിക്കാനാകും. മലിനജലവും മറ്റവശിഷ്ടങ്ങളുമെല്ലാം സംസ്‌കരിക്കാനും പ്രത്യേകം സൗകര്യമുണ്ട്. ചടങ്ങിനെത്തുന്നവര്‍ക്ക് വിശ്രമിക്കാനാണ് ശ്മശാനത്തോട് ചേര്‍ന്ന് പുല്‍മേടും പൂന്തോട്ടവുമെല്ലാം ഒരുക്കിയത്. നയന മനോഹരമായ കുന്നിന്‍ പുറ കാഴ്ചകളും കാണാമെന്നതിനാല്‍ ചടങ്ങിനെത്തുന്നവര്‍ക്ക് പുറമേ ഒഴിവു സമയം ചിലവഴിക്കാനും ഏറെ ആളുകളാണ് ഇവിടേക്കെത്തുന്നത്.
85 ലക്ഷം ചിലവിട്ട് പതിനഞ്ചാം വാര്‍ഡില്‍ കടുമേനിയിലാണ് ശാന്തി തീരം എന്ന പേരില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് ശ്മശാനം നിര്‍മ്മിച്ചത്. ഒരു ദിവസം മൂന്ന് മണിക്കൂര്‍ ഇടവിട്ട് അഞ്ച് സംസ്‌കാരം വരെ ഇവിടെ നടത്താം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ശ്മശാനം സൗജന്യമായി ഉപയോഗിക്കാം. നടത്തിപ്പിനായി പഞ്ചായത്ത് പ്രത്യേകം ആള്‍ക്കാരെ നിയമിച്ചിട്ടുണ്ടെന്നും ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കാന്‍ പറഞ്ഞു.
- Log in to post comments