Skip to main content

വിദ്യാഭ്യാസ രംഗത്തെ വികസനം വലിയ സാമൂഹിക നേട്ടം: സ്പീക്കർ

വിദ്യാഭ്യാസ രംഗത്തുണ്ടായ വികസനങ്ങൾ സമൂഹത്തിലെ വലിയൊരു നേട്ടമാണെന്ന് സ്പീക്കർ എം ബി രാജേഷ്. കുന്നംകുളം നഗരസഭയിലെ 2020- 21 വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ വിതരണം നഗരസഭാ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്ന രീതി അടുത്തിടെ സമൂഹത്തിൽ ഉണ്ടായൊരു മാറ്റമാണ്. 
ഇതിലൂടെ കുട്ടികൾക്ക് വലിയ തോതിൽ പ്രചോദനം ലഭിക്കുന്നു. എന്നാൽ വിജയികൾക്കൊപ്പം തന്നെ പരാജിതരെയും കൂടെ നിർത്തുന്ന സമീപനം ഉണ്ടാകണം. വിജയത്തെയും പരാജയത്തെയും ആത്മസംയമനത്തോടെ നേരിടണം. അതിന് അവരെ പ്രാപ്തരാക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്. ഇതിലൂടെ പരാജിതർക്കും മികവുറ്റ രീതിയിൽ വിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരവും വിമർശനവുമായ ചോദ്യങ്ങളിലൂടെയാണ് ഒരു നല്ല വിദ്യാർത്ഥി രൂപപ്പെടുന്നത്. കുട്ടികളുടെ ഈ സമീപനമാണ് അധ്യാപകർ വളർത്തിയെടുക്കേണ്ടത്. ഉത്തരം തേടുന്നതിനേക്കാൾ കുട്ടികളെ ചോദ്യം ചോദിച്ചറിയാൻ അധ്യാപകർ പരുവപ്പെടുത്തിയെടുക്കുന്നതും നല്ല പ്രവണതയുടെ രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ,  സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ ഷബീർ, പി എം സുരേഷ്, സജിനി പ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ പ്രദേശത്തെ വിദ്യാർത്ഥികളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും നൂറു ശതമാനം ഉന്നത വിജയം നേടിയ സ്കൂളുകൾക്കുമാണ് പുരസ്കാര വിതരണം നടത്തിയത്.

date