Skip to main content

കപ്പത്തോട് നിറഞ്ഞൊഴുകി,  വെള്ളക്കെട്ട് രൂക്ഷം

വെള്ളിയാഴ്ച പുലർച്ചെ പെയ്ത മഴയിൽ രൂപപ്പെട്ട മലവെള്ളപാച്ചിലിൽ കപ്പത്തോട് നിറഞ്ഞൊഴുകി. അപ്രതീക്ഷിതമായി വെള്ളക്കെട്ടുണ്ടായ കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലെ  വിവിധ പ്രദേശങ്ങളിൽ  സനീഷ്‌കുമാർ ജോസഫ്  എംഎൽഎ സന്ദർശനം  നടത്തി.

കോടശ്ശേരി പഞ്ചായത്തിലെ  കൂർക്കമറ്റം, പിലാർമൂഴി, പരിയാരം  പഞ്ചായത്തിലെ  മോതിരക്കണ്ണി, നമ്പ്യാർപടി, അതിരപ്പിള്ളി  പഞ്ചായത്തിലെ പണ്ടാരാംപാറ  കോളനി, പച്ചക്കാട്, മുടയ്ക്കകുണ്ട്, വെട്ടിക്കുഴി തുടങ്ങി വെള്ളം കയറിയ പ്രദേശങ്ങളിലാണ്  എംഎൽഎ നേരിട്ടെത്തിയത് കപ്പത്തോട്  നിറഞ്ഞ് കവിഞ്ഞതാണ് വെള്ളക്കെട്ട്  രൂക്ഷമാക്കിയതെന്ന്  എംഎൽഎ പറഞ്ഞു. വ്യാപകമായ നാശനഷ്ടമാണ്  ഉണ്ടായതെന്നും  കൃഷിനാശം ഉൾപ്പെടെയുള്ളവയുടെ  കണക്കെടുപ്പ്  ആരംഭിച്ചതായും   എംഎൽഎ  കൂട്ടിച്ചേർത്തു. 

ഈ പ്രദേശങ്ങളിലെ നിരവധി  വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം  കയറിയതോടെ  കല്ലും  ചളിയും നിറഞ്ഞ  അവസ്ഥയിലാണ്. വീട്ടുപകരണങ്ങൾ, ഫർണിച്ചർ  ഉൾപ്പെടെയുള്ളവ വെള്ളം കയറി നശിച്ചു. വെട്ടിക്കുഴി, പിലാർമൂഴി റോഡുകളെ  ബന്ധിപ്പിക്കുന്ന  താൽക്കാലിക നടപ്പാലം  ഒലിച്ചുപോയി.  തഹസിൽദാർ ഇ എൻ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി  വി  ആന്റണി, പി കെ  ജേക്കബ്, ഷാന്റി ജോസഫ്, പഞ്ചായത്തംഗങ്ങളായ പി പി അഗസ്തി,  സിനി ലോനപ്പൻ, മനു പോൾ, ഡാർലി പോൾസൺ,  ഡാർലി  വർഗ്ഗീസ്, ഡെന്നി ആന്റണി, ഷീബ, ബ്ലോക്ക് പ്രസിഡന്റ് ഡേവിസ്  കരിപ്പായി എന്നിവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

date