Skip to main content

കുന്നംകുളത്ത്  29 വാർഡുകളും സമ്പൂർണ്ണ ശുചിത്വ വാർഡുകൾ

കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പരിപാടി,  നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി വാർഡ് 12നെ (അടുപ്പുട്ടി) സമ്പൂർണ്ണ ശുചിത്വ വാർഡായി നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയുടെ 37 വാർഡുകളിൽ 29 വാർഡുകളും ഇതിനോടകം സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. മറ്റ് വാർഡുകളിൽ ഒരാഴ്ച്ചക്കകം ശുചിത്വ പ്രഖ്യാപനം നടക്കുന്നതോടെ നവംബറിൽ കുന്നംകുളം നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി മാറും. 

നഗരസഭ പ്രദേശത്തെ മുഴുവൻ വീടുകളും കച്ചവട, കച്ചവടേതര സ്ഥാപനങ്ങളും ശാസ്ത്രീയ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുകയും, അജൈവ മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നു എന്നുറപ്പ് വരുത്തുന്നതിലൂടെയാണ് സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം സാധ്യമാകുന്നത്. 

12-ാം വാർഡിലെ  അടുപ്പൂട്ടി വികസന സംഘം ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭയുടെ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന എം.വി.ഉല്ലാസ് മുഖ്യാതിഥിയായി.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.സുരേഷ്, ടി.സോമശേഖരൻ, പി.കെ.ഷെബീർ, കൗൺസിലർ സിഗ്മരജീഷ് എന്നിവർ യോഗത്തിൽ  സംസാരിച്ചു.

വാർഡ് കൗൺസിലർ ബിനു പ്രസാദ് 12-ാം വാർഡിൻ്റെ ശുചിത്വ രേഖകൾ നഗരസഭ സെക്രട്ടറി ടി.കെ.സുജിത്തിന് കൈമാറി. ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ക്രിസ്തു ജ്യോതി കോൺവെൻ്റ് സിസ്റ്റർ സുപ്പീരിയർ റെയ്ന ടോം, കൗൺസിലർ സുനിൽ കുമാർ, നഗരസഭ ജനകീയാസൂത്രണം ഉപാദ്ധ്യക്ഷൻ വി.മനോജ് കുമാർ, ഹെൽത്ത് ഇൻസ്പക്ടർ പി.എ.വിനോദ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത പരമേശ്വരൻ, ഐ.ആർ.ടി.സി. പ്രതിനിധി ശ്രേയസ് വത്സൻ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽ സംബന്ധിച്ചു.

date