Skip to main content

അതിദരിദ്രരെ കണ്ടെത്താൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് 

അതിദരിദ്രരെ കണ്ടെത്താനുള്ള  നടപടികൾക്കൊരുങ്ങി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ആദ്യഘട്ടമായ സർവേ നടത്തുന്നതിന് ജനപ്രതിനിധികൾക്കായി പരിശീലനം ആരംഭിച്ചു. മതിലകം ബ്ലോക്കിലെയും ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെയും  പഞ്ചായത്തംഗങ്ങൾക്കുള്ള ഏകദിന പരിശീലന പരിപാടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചത്. 

സമൂഹത്തിലെ അതിദരിദ്രരായ അംഗങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി, അവർക്ക് മൈക്രോ പ്ലാൻ തയ്യാറാക്കി അടുത്ത അഞ്ച് വർഷത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്ഥാപനതല, വാർഡ്തല ജനകീയ സമിതികളും വിവിധ ഫോക്കസ് ഗ്രൂപ്പുകളും ചേർന്ന് അതിദരിദ്രരായവരുടെ കരട് പട്ടിക തയ്യാറാക്കുകയും മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിലൂടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമസഭയുടെ അംഗീകാരം ലഭ്യമാക്കിയശേഷം ഭരണസമിതി അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ഓരോ കുടുംബത്തിനും അനുയോജ്യമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കി നടപ്പാക്കും. 

അനർഹരായവർ പട്ടികയിൽ ഇടം പിടിക്കാതെയും അർഹരായ ഒരാളും വിട്ടുപോകാതെയും അതീവ ജാഗ്രതയോടെ, ജനകീയ പങ്കാളിത്തത്തോടെയാണ് പട്ടിക തയ്യാറാക്കുന്നത്. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയാറാക്കുക. അതിദരിദ്രരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത്, വാർഡ്തല സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങും. വാർഡ് സമിതി തെരഞ്ഞെടുക്കുന്ന എന്യൂമറേറ്റർമാർ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ച് പട്ടിക തയ്യാറാക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവും. 

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജിത മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിജയ  എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് കില ആർ പിമാരായ  വി എസ് ഉണ്ണിക്കൃഷ്ണൻ, ടി എസ് സജീവൻ,  വി ഭാസുരാംഗൻ, മറിയക്കുട്ടി, സിമി ഷാജു, വൃന്ദാ പ്രേംദാസ് എന്നിവർ നേതൃത്വം നൽകി.

date