Skip to main content

പീച്ചി ഗവ.ആശുപത്രി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു 

അടിമുടി മാറ്റത്തിന് ഒരുങ്ങി പീച്ചി ഗവ.ആശുപത്രി. 20 ലക്ഷം രൂപയുടെ എംപി ഫണ്ട് ഉപയോഗിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ  പുരോഗമിക്കുന്നത്. മേൽക്കൂര പാടെ ജീർണ്ണിച്ച്  കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. ആശുപത്രി കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന മുറിയുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. കെട്ടിടത്തിന്റെ പഴയ പ്ലാസ്റ്ററിങ് മുഴുവൻ നീക്കം ചെയ്ത് പുതിയ പ്ലാസ്റ്ററിങ് നടത്തുന്ന പണികൾ  പൂർത്തിയായിട്ടുണ്ട്. ഫാർമസി വിഭാഗത്തിന്റെ  മേൽക്കൂരയുടെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റിംഗും കഴിഞ്ഞിട്ടുണ്ട്. പഴകിയ കട്ടിളകളും ജനാലകളും മാറ്റി സ്റ്റീൽ കൊണ്ടുള്ള പുതിയവ സ്ഥാപിച്ചു. ഫ്‌ളോറിംഗ് പണികളും പെയിന്റിംഗ്, ഇലക്ട്രിക്കൽ പണികളുമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇലക്ട്രിക് വർക്കുകളുടെ സാങ്കേതിക അനുമതിക്കായി  ഇലക്ട്രിക്കൽ വിഭാഗത്തിന് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒരു മാസത്തിനുള്ളിൽ മുഴുവൻ പണികളും പൂർത്തീകരിക്കാൻ കഴിയുമെന്ന്  പീച്ചി ഇറിഗേഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ.എസ് ഗീത പറഞ്ഞു. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാൽ  ഡിസ്‌പെൻസറിക്ക് വേണ്ട മറ്റ് മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കും.

date