Skip to main content
 വയനാട്ടില്‍ പരിശീലനത്തിന് പോകുന്ന പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളെ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യാത്രയാക്കുന്നു

സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ കുടുംബശ്രീ മിഷന്റെ ചിറകിലേറി ഊരു കൂട്ടം

 

ജില്ലയിലെ മലയോരത്തെ ഊരുകളില്‍ നിന്നും ബിരുദധാരികളായ ഒന്‍പതു പേര്‍ സ്വപ്നങ്ങളെ കൈയ്യെത്തിപ്പിടിക്കാനുള്ള യാത്രയിലാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ ചിറകിലേറി  പരിശീലനം നേടാന്‍ ഇവര്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. കോവിഡ്  പ്രതിസന്ധി  കാലത്തും പട്ടികവര്‍ഗ മേഖലയിലെ യുവതീയുവാക്കളെ ചേര്‍ത്തു പിടിച്ചു കൊണ്ട് അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍.
സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതി ഗ്രാമീണ മേഖലയിലെ അഭ്യസ്തവിദ്യരായ 18നും 35നും ഇടയില്‍ പ്രായമുള്ള ഉള്ള യുവതീയുവാക്കള്‍ക്ക് ഗുണമേന്‍മയുള്ള പരിശീലനത്തിനൊപ്പം മികച്ച തൊഴിലവസരങ്ങളും ഉറപ്പു നല്‍കുന്നു. പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്ത് നടത്തുന്നതിലൂടെ പരമാവധി പേരെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ജില്ലയിലെ പട്ടികവര്‍ഗ മേഖലയില്‍ സുസ്ഥിര വികസനവും സാമൂഹിക ഉന്നമനവും കൊണ്ടുവരികയുമാണ് പദ്ധതിയുടെ ലക്ഷ്യം.  
ആദ്യ ഘട്ടത്തില്‍ വയനാട് ലൗ ഗ്രീന്‍ അസോസിയേറ്റ്സ് എന്ന പരിശീലന ഏജന്‍സി സംഘടിപ്പിച്ച മൊബിലൈസേഷന്‍ ക്യാമ്പയിനില്‍ പനത്തടി, കള്ളാര്‍, ബേഡഡുക്ക, കോടോം-ബേളൂര്‍, ബളാല്‍, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളില്‍ നിന്ന് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ഏവിയേഷന്‍ മാനേജ്മെന്റ് കോഴ്സ്, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് സ്റ്റുവാര്‍ഡ് കോഴ്സുകളിലേക്കാണ്  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചത്. സൗജന്യ ഭക്ഷണം, താമസം, പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും സൗജന്യമായ  കോഴ്സ് നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് ആശ്വാസമാണ്.
   
കോവിഡ് കാലഘട്ടത്തില്‍  പട്ടികവര്‍ഗ മേഖലയിലെ ജനങ്ങളുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ മിഷന്‍ഏറ്റെടുത്തു നടത്തുന്നത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാനും എന്റെ ഊരും കൃഷിയിലേക്ക് ക്യാമ്പയിന്‍, സംരംഭ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി അതിജീവനം പദ്ധതി, പട്ടികവര്‍ഗ്ഗ മേഖലയിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ കണ്ടെത്തുവാനും ഊരുകളിലെ സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തുവാനും പരിഹരിക്കുവാനുമായി ഗോത്രസഖി തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.
 

date