വലിയതുരുത്ത് പാടശേഖരം മടവീഴ്ച; നടപടികൾ വേഗത്തിലാക്കുമെന്ന് കളക്ടർ
കൈനകരി വടക്ക് വില്ലേജിലെ വലിയതുരുത്ത് പാടശേഖരത്തെ മടവീഴ്ചമൂലം ദുരതത്തിലായ കുടുംബങ്ങളെ ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. മടവീഴ്ചയെത്തുടർന്ന് 250 കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിലായിട്ടുള്ളത്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. അഞ്ചുകോടിയുടെ എസ്റ്റിമേറ്റ് ഇറിഗേഷൻ വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പ്രതിഷേധത്തിലായിരുന്ന തദ്ദേശ വാസികൾക്ക് ഉറപ്പ് നൽകി.
ക്യാമ്പുകളുടെ പ്രവർത്തനം തുടരണം. മേജർ ഇറിഗേഷൻ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിച്ചാൽ പണി തുടങ്ങാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. നിയമപരമായി ദുരിതബാധിതർക്ക് പണം കൊടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കും. അരിക് ഭിത്തി നിർമിക്കും. ബജറ്റിൽ നാല് കോടി തുക വകയിരുത്തിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് മാനദണ്ഡപ്രകാരം നഷ്ടപ്പെട്ട തുക നൽകും. ദുരന്തനിവാരണഅതോറിറ്റിയുമായി ഇക്കാര്യം ആലോചിക്കുമെന്നും കളക്ടർ പറഞ്ഞു. കളക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബീനാനടേശ്, കുട്ടനാട് തഹസിൽദാർ ആന്റണി സ്‌കറിയ, ഇറഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടോപ്പം ഉണ്ടായിരുന്നു.
(പി.എൻ.എ. 1341/2018)
- Log in to post comments