Skip to main content

പാറശ്ശേരി പാലം ഇന്ന് പൊളിച്ചു തുടങ്ങും പക്കി, പൊങ്ങ പാലങ്ങള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ണമായും തുറക്കും

 

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡ് പദ്ധതിയില്‍ പൊങ്ങ, പക്കി പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ രണ്ടു പാലവും 10 മീറ്റര്‍ വീതിയില്‍  തുറന്നിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കകം പൂര്‍ണമായും( 14 മീറ്റര്‍ വീതിയില്‍) തുറക്കാന്‍ തോമസ് കെ. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. 

അടുത്ത ഘട്ടമായി പാറശ്ശേരി, മാധവശ്ശേരി പാലങ്ങളാണ് പൊളിക്കുന്നത്. പാറശ്ശേരി പാലം പൊളിക്കുന്ന നടപടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 23) തുടക്കമാകും. രണ്ടു പാലങ്ങള്‍ക്കും സമീപം ഗതാഗതം തിരിച്ചുവിടുന്നതിനായി ക്രമീകരിച്ച പാതകളുടെ ബലം വീണ്ടും ഉറപ്പുവരുത്തണമെന്നും പദ്ധതി മേഖലയിലെ ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു.   

ഒരേ സമയം രണ്ടു പാലങ്ങളുടെ നിര്‍മാണം നടത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണം. മാധവശ്ശേരി പാലം പൊളിക്കുന്നതിനു മുന്‍പ് മാലോട് പാലം പൂര്‍ണമായും ഗതാഗത യോഗ്യമാക്കും. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പൊതുഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സ്പെഷ്യല്‍ സര്‍വീസ് നടത്തും.

പദ്ധതി മേഖലകളിലെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ എല്ലാ മാസവും അവലോകന യോഗം നടത്തി നിര്‍വ്വഹണ പുരോഗതി വിലയിരുത്തണമെന്ന്   പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. മൂന്നു മാസത്തില്‍ ഒരിക്കല്‍ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗവുമുണ്ടാകും. 

യോഗത്തില്‍ നോഡല്‍ ഓഫീസറായ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അ‍ഞ്ജു, കെ.എസ്.ടി.പി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

date