Skip to main content

ജപ്പാനിലെ തൊഴിലവസരങ്ങള്‍; വെബ്ബിനാര്‍ സംഘടിപ്പിച്ചു

ജപ്പാനിലെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂരും അസാപും ചേര്‍ന്ന് സംഘടിപ്പിച്ച വെബ്ബിനാര്‍ ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ 4.30 വരെ വെബ്എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടന്നു. കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സാധ്യമായ മുഴുവന്‍ തൊഴിലവസരങ്ങളും അഭ്യസ്തവിദ്യരായ ഉദേ്യാഗാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ തൊഴിലവസരങ്ങള്‍, തൊഴില്‍ നേടാനാവശ്യമായ നൈപുണ്യപഠന വിഷയങ്ങള്‍, ഭാഷാപ്രാവീണ്യം നേടാനാവശ്യമായ പരിശീലനപദ്ധതികള്‍, തൊഴിലിനായി ജപ്പാനിലേക്ക് പോകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് റിസോഴ്‌സ് പേഴ്‌സണ്‍ കെ അശോക് കുമാര്‍ സംസാരിച്ചു.
നഴ്‌സിങ്ങ്, കെട്ടിട ശുചീകരണം, മെറ്റീരിയല്‍ പ്രോസസ്സിംഗ്, വ്യവസായം, വ്യാവസായിക യന്ത്രങ്ങളുടെ നിര്‍മ്മാണ വ്യവസായം, ഇലക്ട്രിക് ഇലക്ട്രോണിക്‌സ് ബന്ധപ്പെട്ട വ്യവസായം, നിര്‍മ്മാണ മേഖല, കപ്പല്‍ നിര്‍മ്മാണവും കപ്പലുമായി ബന്ധപ്പെട്ട വ്യവസായവും, ഓട്ടോമൊബൈല്‍ സര്‍വീസ്, വ്യോമയാനം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഫുഡ് ആന്‍ഡ് ബിവറേജസ് നിര്‍മ്മാണ വ്യവസായം, ഫുഡ് സര്‍വീസ് എന്നീ മേഖലകള്‍ക്കാണ് ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവുക. ജപ്പാനീസ് ഭാഷാ പ്രാവീണ്യവും നിര്‍ബന്ധമുണ്ട്.  ഇങ്ങനെ റിക്രൂട്ട് ചെയ്യപെടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ സ്‌പെസിഫൈഡ്  സ്‌കില്‍ഡ് വര്‍ക്കര്‍  എന്ന റെസിഡന്‍സ് സ്റ്റാറ്റസ് നല്‍കും.  പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയോട്ട് എന്നിവര്‍ സംബന്ധിച്ചു.
 

date