Skip to main content

പൊക്കാളിക്കൃഷിക്ക് ആവേശമായി മത്സരക്കൊയ്ത്ത്

 

ജില്ലയുടെ തനത് നെല്‍ക്കൃഷിയായ പൊക്കാളിയുടെ പാടങ്ങളില്‍ ആവേശത്തിരയേറ്റി മത്സരക്കൊയ്ത്ത്. ഇതാദ്യമായി സംഘടിപ്പിച്ച മത്സരം നാടിനാകെ ഉത്സവമായി. കോട്ടുവള്ളി പഞ്ചായത്തിൽ കൈതാരത്ത് നടന്ന പൊക്കാളി കൊയ്ത്ത് മത്സരം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികളെ തോർത്തുകൾ അണിയിച്ചാണ് മത്സരം ഉദ്ഘാടനം ചെയ്തത്. അന്യംനിന്നുപോകുന്ന പൊക്കാളി നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന മത്സരത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പറവൂർ ബ്ലോക്ക് പഞ്ചായത്ത്, കൈതാരം പൊക്കാളി പാടശേഖര സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കർഷക തൊഴിലാളികൾ, യുവാക്കൾ എന്നീ വിഭാഗങ്ങളിലായി മത്സരം നടന്നു. പത്ത് കർഷക തൊഴിലാളികളും കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ നാല് കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. പൊക്കാളി പാടത്ത് കൃത്യമായി അളന്നു തിട്ടപ്പെടുത്തിയ ട്രാക്കുകളിൽ പത്ത് മിനിറ്റ് സമയത്തിൽ ആദ്യം കൊയ്ത് തീർത്ത മത്സരാർത്ഥിയാണ് വിജയിച്ചത്.

കർഷക തൊഴിലാളികളിൽ പുഷ്പ വിജയൻ ഒന്നാം സ്ഥാനവും ജലജ രണ്ടാം സ്ഥാനവും പാർവതി മൂന്നാം സ്ഥാനവും നേടി. യുവാക്കൾക്കായി നടത്തിയ മത്സരത്തിൽ എഡ്വിൻ ജോർജ്ജ് ഒന്നാം സ്ഥാനവും ഗോഡ്വിൻ ജോർജ് രണ്ടാം സ്ഥാനവും മിഥുൻ എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡും ട്രോഫിയും നൽകി. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ് ഷാജി, രശ്മി അനിൽകുമാർ, കെ.ഡി വിൻസെൻ്റ്, ചാന്ദിനി ഗോപകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷീല പോൾ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജിഷ പി.ജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എം ലൈല, പഞ്ചായത്ത് കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കൊയ്ത്ത് മത്സരം വിധികർത്താവ് ഷാജി തിരുവനന്തപുരം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date