Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. നിലവില്‍ സമര്‍പ്പിച്ച ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ക്ക് പുറമെയാണ് സ്‌കൂള്‍ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍. വിദ്യാലയങ്ങളിലെ ശുചിമുറികള്‍, കഞ്ഞിപ്പുര, ചുറ്റുമതില്‍, ഗ്രൗണ്ട് തുടങ്ങിയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. ഇതിന്റെ നോഡല്‍ ഓഫീസറായി ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പ്രദീപനെ ചുമതലപ്പെടുത്തി. ഓരോ സ്‌കൂളുകളുടെയും വിവരശേഖരണം നടത്തി അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികളും നടത്തും. പെയിന്റിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കായി ജില്ലാ നിര്‍മിതി കേന്ദ്രവുമായി ബന്ധപ്പെടാനും തീരുമാനിച്ചു.
നേരത്തെ ജില്ലാ പഞ്ചായത്ത് നടത്തിയ നദീതട സംരക്ഷണ സെമിനാറില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. അതിന്റെ നോഡല്‍ ഓഫീസറായും ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പ്രദീപനെ ചുമതലപ്പെടുത്തി. ജില്ലയിലെ നദികളെക്കുറിച്ച് പഠനം നടത്തി എല്ലാ വകുപ്പുകളെയും യോജിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുക. നദികളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ജല ശ്രോതസുകളെ തെളിച്ചമുള്ളതാക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം നദീതീരങ്ങളില്‍ മുളംതൈകള്‍ നട്ടുപിടിപ്പിച്ചു കൊണ്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, സെക്രട്ടറി പി.നന്ദകുമാര്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date