Skip to main content

സുഭിക്ഷ കേരളം; തീക്കോയിയിൽ  പച്ചക്കറി തൈ വിതരണം ചെയ്തു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തീക്കോയി ഗ്രാമപഞ്ചായത്തിൽ പച്ചക്കറിതൈകളും ഔഷധസസ്യ തൈകളും വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ ചീര, വെണ്ട, പാവൽ, തക്കാളി, പച്ചമുളക് എന്നിങ്ങനെ പത്തിന പച്ചക്കറി തൈകളുൾപ്പെടുന്ന കിറ്റിനൊപ്പം ഒരു ഔഷധസസ്യവുമാണ് നൽകിയത്.  ആദ്യഘട്ടമായി പഞ്ചായത്തിലെ 250 കുടുംബങ്ങൾക്ക് തൈകൾ വിതരണം ചെയ്തു. 

വിഷരഹിത പച്ചക്കറി ഉത്പാദനം  പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൈകൾ നടുന്നതിനുള്ള ചെടിച്ചട്ടികൾ നേരത്തെ വിതരണം ചെയ്തിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ  സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, പി.എസ്.  രതീഷ്, മാജി തോമസ്, ദീപ സജി , അമ്മിണി തോമസ്, നജീമ പരീക്കൊച്, സെക്രട്ടറി കെ. സാബുമോൻ,കൃഷി ഓഫീസർ ഹണി ലിസ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

 

date