Skip to main content

പ്രളയമേഖലയിൽ ക്ഷീരകർഷകർക്ക് സഹായമേകി മൃഗസംരക്ഷണ വകുപ്പ്

കോട്ടയം: ഉരുൾപൊട്ടലും പ്രളയവും മൂലം ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കൈത്താങ്ങേകി മൃഗസംരക്ഷണ വകുപ്പ്. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, പൂഞ്ഞാർ തെക്കേക്കര, പായിപ്പാട് എന്നീ പഞ്ചായത്തുകളിൽ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചു. കോട്ടയം വെറ്റിനറി കേന്ദ്രത്തിന്റെയും ജില്ലാ മൊബൈൽ വെറ്ററിനറി ആശുപത്രിയുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്ഷീരസംഘത്തിൽ അംഗങ്ങളായ കർഷകരുടെ കന്നുകാലികൾക്കായി ധാതു ലവണ മിശ്രിതം, വിരമരുന്നുകൾ, മറ്റു ടോണിക്കുകൾ, വിറ്റാമിൻ ഗുളികകൾ എന്നിവ വിതരണം ചെയ്തു. 

ചികിത്സ ആവശ്യമായ വളർത്തുമൃഗങ്ങൾക്ക് പ്രാഥമിക ചികിത്സയും സന്നദ്ധ സംഘടനകളുടെ സഹായത്താൽ കാലിത്തീറ്റയും ലഭ്യമാക്കി. ചീഫ് വെറ്റിറനറി ഓഫീസർ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ ഒരു വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരടങ്ങിയ സംഘമാണ് സേവനം ലഭ്യമാക്കിയത്. മഴക്കെടുതിയുടെ നാശനഷ്ടകണക്കെടുപ്പ്് വേളയിൽ ആദ്യഘട്ടത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ അവസരം ലഭിക്കാതെപോയ കർഷകർക്ക്  അതിനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി. തങ്കച്ചൻ പറഞ്ഞു.

 

date